സിനിമപ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു കന്നഡ സൂപ്പർതാരം ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ചിരഞ്ജീവിയും ഭാര്യ മേഘ്ന രാജും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തരിപ്പിനിടെയായിരുന്നു താരത്തിന്റെ വിയോഗം. മാസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് നടന്നു തുടങ്ങുകയാണ് മേഘ്ന. തന്റെ പ്രിയതമൻ സമ്മാനിച്ച കുഞ്ഞു ജീവനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് മേഘ്ന. കഴിഞ്ഞ ദിവസം താരത്തിന്റെ ബേബി ഷവർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ഇതാ ആദ്യമായി ഭർത്താവിന്റെ മരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു പ്രതികരണം.
ചീരു വിടപറഞ്ഞ ജൂൺ 7 ദിവസത്തെക്കുറിച്ചുള്ള ഓർമകളാണ് താരം പങ്കുവെച്ചത്. "ഒരു സാധാരണ ഞായറാഴ്ച പോലെയാണ് ആ ദിവസം ആരംഭിച്ചത്. ധ്രുവയ്ക്കും , പ്രേരണയ്ക്കുമൊപ്പം വീടിനുപുറത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. ചീരു വീണെന്നു പറഞ്ഞ് അദ്ദേഹത്തിന്‍റെ അച്ഛന്‍ ഞങ്ങളെ വിളിക്കുകയായിരുന്നു. ചീരുവിനെ ഒരിക്കലും ഞാന്‍ അങ്ങിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് ചെറുതായി ബോധം വീഴുന്നുണ്ടായിരുന്നു. ആംബുലന്‍സ് വിളിക്കുന്നതിനു പകരം കാറില്‍ത്തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. പെട്ടെന്ന് തന്നെ എമർജൻസി റൂമിലേക്ക് അദ്ദേഹത്തെ കയറ്റി. സംഭവിച്ചത് ഹൃദയാഘാതമാണെന്ന് ഞങ്ങളെ ഡോക്ടർമാർ അറിയിച്ചു. എല്ലാം പെട്ടെന്നായിരുന്നു. വീട്ടിൽ വച്ച് ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചിരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹം എന്നോട് അവസാനം പറഞ്ഞ വാക്കുകള്‍" മേഘ്ന പറഞ്ഞു.
ബേബി ഷവർ ആഘോഷങ്ങളെക്കുറിച്ചും മേഘ്ന പറഞ്ഞു. "എനിക്ക് ആഘോഷങ്ങളൊന്നും താത്പര്യമുണ്ടായിരുന്നില്ല. ഇതെല്ലാം ചിരുവിന്റ ആഗ്രഹങ്ങളാണ്. വേദി വരെ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ ചിരു പറഞ്ഞ മൂന്ന് വേദികളിലായി മൂന്ന് ചടങ്ങുകൾ നടത്തി. ഈ ദിവസങ്ങളിൽ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്ന് പോയത്. ഇപ്പോഴുമതേ. ഇതല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കിൽ, ജൂൺ ഏഴിന് മുമ്പുള്ള ദിവസത്തിലേക്ക് തിരിച്ചു പോകാനായെങ്കിൽ എന്നെല്ലാം ഞാൻ ചിന്തിക്കാറുണ്ട്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലം ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ നിമിഷവും ഞങ്ങള്‍ ഒരുമിച്ചാണ് ചെലവഴിച്ചത്. ഒരാള്‍ പുതുതായി വരാനിരിക്കുന്നു എന്ന പ്രതീക്ഷ ആ സമയത്തെ കൂടുതല്‍ മനോഹരമാക്കി. ലോക്ക് ഡൗണിനോട് എനിക്ക് അക്കാര്യത്തില്‍ കടപ്പാടുണ്ട്. അദ്ദേഹത്തിന് ജോലിയുള്ള സമയമായിരുന്നെങ്കില്‍ ഒരുമിച്ച് ചെലവിടാന്‍ ഇത്രയും സമയം കിട്ടുമായിരുന്നില്ല. - മേഘ്ന കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates