Entertainment

മലയാള സിനിമയിലെ സ്ത്രീകൾ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും; ഹേമ കമ്മീഷന്‍ റിപ്പോർട്ട് ഏറ്റവും വലിയ പുതുവത്സര സമ്മാനം; ഡബ്ല്യുസിസി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകരണത്തിനുള്ള അംഗീകാരമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് ഡബ്ല്യുസിസി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മ രൂപീകരണത്തിനുള്ള അംഗീകാരമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് ഡബ്ല്യുസിസി. മലയാള സിനിമയെ നിയമ വിധേയമാക്കണമെന്നും സര്‍ക്കാര്‍ സജീവമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും നേതൃത്വം വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സിനിമയില്‍ ചുവടുറപ്പിക്കാന്‍ റിപ്പോര്‍ട്ട് കരുത്തു പകരുമെന്നും നേതൃത്വം പ്രതികരിച്ചു. 

ഇതുമായി ബന്ധപ്പെട്ട് അവർ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. കമ്മീഷന്റെ ശുപാർശ തങ്ങളുടെ പുതുവത്സര സമ്മാനമാണെന്നും നീണ്ട കാത്തിരിപ്പിനാണ് വിരാമമായതെന്നും കുറിപ്പിൽ പറയുന്നു. 

തങ്ങളുടെ സഹപ്രവർത്തക തൊഴിലിടത്തിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഡബ്ല്യുസിസിയുടെ രൂപീകരണത്തിലേക്ക് നയിച്ച ഏറ്റവും പ്രധാന ആവശ്യത്തിന് കിട്ടിയ ഒരംഗീകാരമാണിത്. ഇന്ത്യൻ സിനിമയിൽ ആദ്യമാണ് ഇത്തരമൊരു പഠന കമ്മീഷൻ ഉണ്ടാകുന്നത്. ചരിത്രമാണിത്. സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണിതെന്നും കുറിപ്പിൽ പറയുന്നു. 

കുറിപ്പിന്റെ പൂർണ രൂപം

എല്ലാവർക്കും പുതുവത്സരാശംസകൾ!!

ഹേമ കമ്മീഷൻ ശുപാർശ
ഞങ്ങളുടെ പുതുവത്സര സമ്മാനം!
ഒരു നീണ്ട കാത്തിരുപ്പിന് വിരാമമായി.

മലയാള സിനിമ നേരിടുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാൻ നിയുക്തമായ ഹേമ കമ്മീഷന്റെ ശുപാർശകൾ സർക്കാറിന് മുൻപാകെ എത്തിക്കഴിഞ്ഞു. ഞങ്ങൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 2017 ജൂലായ് മാസത്തിലാണ് സർക്കാർ ഹേമ കമ്മീഷന് രൂപം നൽകിയത്. രണ്ടര വർഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷൻ ഇപ്പോൾ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

മലയാള സിനിമയിലെ അവ്യവസ്ഥകൾ പരിഹരിക്കാൻ ശക്തമായ നിയമ നിര്‍മ്മാണം തന്നെ വേണമെന്നാണ് ഏറ്റവും പ്രധാന ശുപാര്‍ശ. ഞങ്ങളുടെ സഹപ്രവർത്തക തൊഴിലിടത്തിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഡബ്ല്യു.സി.സി.യുടെ രൂപീകരണത്തിലേക്ക് നയിച്ച ഏറ്റവും പ്രധാന ആവശ്യത്തിന് കിട്ടിയ ഒരംഗീകാരമാണ്. ഇന്ത്യൻ സിനിമയിൽ ആദ്യമാണ് ഇത്തരമൊരു പഠനകമ്മീഷൻ ഉണ്ടാകുന്നത്. ചരിത്രമാണിത്. സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ്.

നാളിതുവരെയും നിയമാതീതമായ പ്രത്യേക അധികാര മേഖല പോലെ പ്രവർത്തിച്ചു പോരുന്ന മലയാള സിനിമയെ നിയമ വിധേയമാക്കാൻ കമ്മീഷൻ ശുപാർശകളിന്മേൽ ഇനി സർക്കാരിന്റെ സജീവമായ ഇടപെടലാണ് വേണ്ടത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ എക്സ് എം.പി യും നാഷണൽ അവാർഡ് ജേതാവുമായ നടി ശാരദ, റിട്ട. ഐ.എ.എസ്.ഉദ്യോഗസ്ഥ കെ.ബി. വൽസല കുമാരി എന്നിവരാണ് അംഗങ്ങൾ. മൂന്ന് പേരും സംയുക്തമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ചിത്രീകരണ സ്ഥലങ്ങൾ ഉൾപ്പടെ മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ടിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ ഇനി പുറത്ത് വരേണ്ടതായാണിരിക്കുന്നത്. അത് വരട്ടെ. എങ്കിലും ഈ നേട്ടം അവിസ്മരണീയമാണ്. അതിന് കേരള സർക്കാറിനെയും ഹേമ കമ്മീഷനെയും ഞങ്ങൾ ഹാർദമായി അഭിനന്ദിക്കുന്നു. കേരളത്തിലെ സ്ത്രീ സമൂഹം - പ്രത്യേകിച്ചും മലയാള സിനിമയിലെ സ്ത്രീകൾ - ഇതിന് എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.

ഈ റിപ്പോർട് നടപ്പാക്കുന്നതിലൂടെ ഏറെ സ്ത്രീകൾക്ക് ഈ മേഖലയിൽ ചുവടുറപ്പിക്കാൻ ഉൾക്കരുത്തും അർഹമായ ഇടവും ലഭിക്കുമെന്നും ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് നമ്മുടെ സമൂഹം കൂടുതൽ അടുക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദം തന്നെയാണ് ഈ വിജയം. ഞങ്ങളിത് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ പുതുവത്സര സമ്മാനമായി ഹൃദയത്തോട് ചേർത്തു വെക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

SCROLL FOR NEXT