Entertainment

'ലാലിന്റ ചീട്ട് കീറും എന്ന് പൂര്‍ണ്ണ ബോധ്യം വന്നപ്പോഴാണ് ഞാന്‍ സംവിധായന്റെ വേഷം മാറി വക്കീലായത്, ലോകം അറിയാത്ത കഥ' 

തങ്ങള്‍ക്കിടയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിട്ടും മോഹന്‍ലാലുമൊത്ത് ഒരു സിനിമയുണ്ടാകുന്നത് ആര്‍ക്കും സുഖപ്രദമായി തോന്നിയില്ലെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്


മോഹന്‍ലാല്‍ സൂപ്പര്‍താരമായി വളര്‍ന്നുവരുന്ന സമയത്ത് മലയാളത്തിലെ മികച്ച സംവിധായകരുടെ കൂട്ടത്തിലായിരുന്നു ബാലചന്ദ്രമേനോന്റെ സ്ഥാനം. എന്നാല്‍ മോഹന്‍ലാലിനൊപ്പം വളരെ കുറച്ചു സിനിമകളില്‍ മാത്രമേ അദ്ദേഹം സഹകരിച്ചിട്ടുള്ളൂ. മോഹന്‍ലാലുമായി തനിക്ക് അടുത്ത ബന്ധമില്ലെന്ന് പറയുകയാണ് ബാലചന്ദ്രമേനോന്‍. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു കുറിപ്പ്. തങ്ങള്‍ക്കിടയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിട്ടും മോഹന്‍ലാലുമൊത്ത് ഒരു സിനിമയുണ്ടാകുന്നത് ആര്‍ക്കും സുഖപ്രദമായി തോന്നിയില്ലെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. തന്റെ ആഘോഷപരിപാടികളില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി.  പിന്നീട് താന്‍ മോഹന്‍ലാലിന്റെ പിന്നാലെ പോയിട്ടില്ല എന്നാണ് അദ്ദേഹം കുറിക്കുന്നത്. മോഹന്‍ലാലിന് വേണ്ടി വക്കീല്‍ വേഷം കെട്ടിയ പഴയ ഓര്‍മയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒരു നായകന്റെ രൂപത്തോടെയല്ല നിങ്ങള്‍ വന്നത്. എന്നാല്‍ നിങ്ങള്‍ അതിനെ നായകരൂപമാക്കിമാറ്റി ഒരു മോഹന്‍ലാല്‍ സ്വാഭാവമുണ്ടാക്കിയെടുത്തു.അതൊരു നിസ്സാര കാര്യമല്ല- ബാലചന്ദ്രമേനോന്‍ കുറിച്ചു. 

ബാലചന്ദ്രമേനോന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്

ഏതാണ്ട് ഒട്ടു മിക്ക ചാനലുകളും സന്നദ്ധ സംഘടനകളും ഫാന്‍സ് അസോസിയേഷനുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്നെ വിളിച്ചു മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ സംബന്ധിച്ച് ഒരു മെസ്സേജ് ആവശ്യപ്പെട്ടിരുന്നു .എന്നാല്‍ ഞാന്‍ വിനയത്തോടെ അതില്‍ നിന്നു പിന്‍മാറി . ഒന്നാമത് മലയാളസിനിമയില്‍ മോഹന്‍ലാലുമായി ഏറ്റവും കുറച്ചു സിനിമകളില്‍ മാത്രമേ ഞാന്‍ സഹകരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ വിരലില്‍ എണ്ണാവുന്ന മീറ്റിങ്ങുകള്‍ മാത്രമേ ഉണ്ടായിട്ടുമുള്ളൂ . ഞാനും മോഹന്‍ലാലും തിരുവന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഞങ്ങള്‍ക്കിടയില്‍ ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ടായിട്ടും ആര്‍ക്കും ഞാന്‍ മോഹന്‍ലാലുമൊത്തു ഒരു സിനിമ ഉണ്ടാകുന്നത് എന്തുകൊണ്ടോ അത്ര സുഖ പ്രദമായി തോന്നിയിട്ടില്ല . എന്തിനു? ഇത്രയും കാലത്തിനിടയില്‍ ആഘോഷിക്കാന്‍ ഒരു പാട് ചടങ്ങുകള്‍ എനിക്കുമുണ്ടായി . ലാലിനെ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങളും നടത്തി . പക്ഷെ ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി . ഒന്ന് രണ്ടു മീറ്റിങ്ങുകള്‍ തയ്യാറായി വരവേ അത് തടസ്സപ്പെടുത്താന്‍ എന്റെ സിനിമാസ്‌നേഹിതര്‍ തന്നെ പാട് പാടുന്നത് കണ്ടപ്പോള്‍ , ഞാന്‍ പിന്നെ ലാലിനെ പിന്തുടരാന്‍ പോയിട്ടില്ല .സിനിമയിലെ എന്റെ നിലനില്‍പ്പിനു ഞാന്‍ ആരെയും തുറുപ്പു ചീട്ടാക്കിയിട്ടില്ല എന്നതും എന്റെ സിനിമകളുടെ താര നിര പരിശോധിച്ചാല്‍ അറിയാം. എന്നാല്‍ ഞാനും ലാലും ഒത്ത ദിനങ്ങളില്‍ ഉണ്ടായ ഒരു സൗഹൃദത്തിന്റെ ഈറന്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട് .

അമ്മയുടെ മീറ്റിങ്ങില്‍ കാണുമ്പോഴും ,ആരാധകരാലും ആവശ്യക്കാരാലും ചുറ്റപ്പെട്ടു ഏവരെയും തൃപ്തിപ്പെടുത്താന്‍ ലാല്‍ പണിപ്പെടുന്നതിനിടയിലും പ്രസാദന്മകമായ തന്റെ ചിരികൊണ്ടും ഒരു കണ്ണിറുക്ക് കൊണ്ടും ലാല്‍ എന്നെ സന്തോഷവാനാക്കും .

'ഭാവുകങ്ങള്‍ നേരുന്നു' എന്നൊരു വാക്കില്‍ തീരുന്ന മെസ്സേജ് എനിക്കൊന്നുമാവുന്നില്ല .നിങ്ങളാരും അറിയാത്ത മോഹന്‍ലാലിന് പോലും അറിയാത്ത ഒരു രസകരമായ സംഗതിയുടെ സൂചന തരാം . 'പത്തിരുപതു' വര്‍ഷത്തെ ദീര്‍ഘമായ പരിശ്രമം കൊണ്ടു 2012 ജൂലൈ 29 ന് ബാര്‍ കൌണ്‍സില്‍ എന്നെ വക്കീലായി വിളംബരം ചെയ്തു . എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് 1981 ല്‍ ഞാന്‍ മോഹന്‍ലാലിന് വേണ്ടി വക്കീലായി രാത്രിയും പകലുമായി പല ദിവസങ്ങളിലും പണ്ഡിത സദസ്സിനു മുന്‍പില്‍, മോഹന്‍ ലാലിന്റെ നടന വൈഭവത്തെ പറ്റി പറഞ്ഞു ബോധിപ്പിക്കലായിരുന്നു. അതിനു വേണ്ടി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാന്‍ നടത്തിയ ശ്രമങ്ങള്‍ ലോകം അറിയാത്ത കഥയാണ് .ലാലിന്റ ചീട്ട് കീറും എന്ന് പൂര്‍ണ്ണ ബോധ്യം വന്നപ്പോഴാണ് ഞാന്‍ സംവിധായന്റെ വേഷം മാറി വക്കീലായതു . അതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഞാന്‍ നേരിട്ടത് , പറഞ്ഞാല്‍ മാത്രമേ അത് കൂടുതല്‍ ബോധ്യമാക്കാന്‍ പറ്റൂ .അതുകൊണ്ടു തന്നെ 'filmy Fridays ' SEASON 3 ല്‍ അതേപ്പറ്റി വ്യക്തമായി പരാമര്‍ശിക്കാം. എന്തായാലും എന്റെ അഭിഭാഷകനായുള്ള ലാലറിയാതെയുള്ള പ്രകടനം ഒരു വലിയ നടന്റെ തുടക്കത്തില്‍ സഹായമായല്ലോ എന്ന് ഞാന്‍ ആശ്വസിക്കുന്നു . ഒരു പിറന്നാള്‍ ദിനത്തില്‍ എനിക്ക് ലാലുമായി പങ്കിടാന്‍ ഇതിലും മധുരമായ എന്തുണ്ട് !

പ്രിയപ്പെട്ട ലാല്‍ ,ഇന്നത്തെ ദിവസം നിങ്ങള്‍ അഭിനനന്ദനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുകയാണ് എന്നെനിക്കറിയാം . എന്നാല്‍ ഇത് നിങ്ങള്‍ നിങ്ങളുടെ പ്രതിഭകൊണ്ടും അദ്ധ്വാനം കൊണ്ടും നേടിയെടുത്തതുമാണ് .ഒരു നായകന്റെ രൂപത്തോടെയല്ല നിങ്ങള്‍ വന്നത് . എന്നാല്‍ നിങ്ങള്‍ അതിനെ നായകരൂപമാക്കിമാറ്റി ഒരു മോഹന്‍ലാല്‍ സ്വാഭാവമുണ്ടാക്കിയെടുത്തു . അതൊരു നിസ്സാര കാര്യമല്ല . ലാലേട്ടന്‍ എന്ന പ്രയോഗം യുവജനങ്ങള്‍ക്കിടയില്‍ ഒരു മുദ്രാവാക്യമാക്കി മാറ്റിയില്ലേ നിങ്ങള്‍?

നിങ്ങള്‍ മിടുക്കനാണ് ..
ഭാഗ്യവാനാണ് ...
കുട്ടിക്കാലത്തു മിടുക്കന്മാരായ കുട്ടികളെ ചൂണ്ടി പ്രായമുള്ളവര്‍ പറയും
'ദേ കണ്ടു പഠിക്കടാ ...'
അഭിനയത്തില്‍ താല്‍പ്പര്യത്തോടെ വരുന്നവരോട് നമുക്ക് അഭിമാനത്തോടെ മോഹന്‍ലാലിനെ ചൂണ്ടി എന്നും പറയാം ...
'ദേ കണ്ടു പഠിക്ക് ...'!

that's ALL your honour!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

വിദേശത്ത് പരിപാടി അവതരിപ്പിക്കാം, ബലാത്സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കണ്ണ് നിറയാതെ എങ്ങനെ ഉള്ളി അരിയാം

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

SCROLL FOR NEXT