ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയിൽ വിജയ് സേതുപതി നായകാനാകുന്നുവെന്ന വാർത്ത സിനിമ-ക്രിക്കറ്റ് ആരാധകരെ ഒരുപോലെ ആവേശത്തിലാക്കിയിരുന്നു. '800' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ തന്നെ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നത് വിജയ് ആണെന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മുരളീധരൻ.
സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറായതിന് പിന്നാലെ തന്റെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ നടൻ എന്ന് തോന്നിയത് വിജയിയെ ആണെന്ന് മുരളീധരൻ പറഞ്ഞു. വിജയ് മികച്ച അഭിനേതാവാണെന്നും തന്റെ ബൗളിങ് രീതി അദ്ദേഹം കൃത്യമായി അവതരിപ്പിക്കുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. 'ഞാൻ വിജയിയെ പൂർണ്ണമായും വിശ്വസിക്കുന്നു. അദ്ദേഹം ഒരു മികച്ച അഭിനേതാവാണ്. ഈ സിനിമയിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് എനിക്കുറപ്പുണ്ട്', മുരളീധരൻ പറഞ്ഞു.
മുരളിക്കൊപ്പം സമയം ചിലവഴിക്കാനും അദ്ദേഹത്തിന്റെ കഥകൾ കേൾക്കാനും വളരെ രസമാണെന്നാണ് വിജയ് സേതുപതി പറയുന്നത്. എവിടെപ്പോയാലും സ്വന്തം വ്യക്തിത്വവും സ്വഭാവവും കൊണ്ട് ഒരു അടയാളം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയും, വിജയ് പറഞ്ഞു.
ശ്രീലങ്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലാണ് 800ന്റെ ചിത്രീകരണം. 2021 ആദ്യം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും അടുത്ത വർഷം അവസാനം സിനിമ റിലീസ് ചെയ്യുമെന്നുമാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates