തമിഴ് സിനിമാ ലോകത്തെ പുത്തന്‍ താരോദയമായ വിജയ് സേതുപതി വ്യത്യസ്തമായ പ്രകടനം കൊണ്ട് അഭിനയ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ 15 കോടിയിലധികം മുതല്‍ മുടക്കുള്ള ബിഗ് ബജറ്റ് പടത്തില്‍ അഭിനയിച്ച് പ്രേക്ഷക ലോകത്തെയാകെ കോരിത്തരിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ് ഈ നടന്‍.
ഈ അവസരത്തില്‍ തമിഴ് യുവനിരയിലെ മുന്‍നിര താരമായി മാറിയ വിജയ് സേതുപതിയുമായുള്ള തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് മലയാള നടന്‍ രാജേഷ് ശര്‍മ. വിജയ് സേതുപതി തന്റെ കിളിപാറിച്ച അനുഭവമാണ് രാജേഷിന് പറയാനുള്ളത്.
വിക്രംവേദയെന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ത്തു മുന്നേറുമ്പോഴും സിഗൈ എന്ന ചിത്രത്തില്‍ അഭിനയിച്ച തന്നെ വിളിച്ച് അഭിനന്ദിക്കാന്‍ തയ്യാറായ വിജയ് സേതുപതി എന്ന മനുഷ്യനെ കുറിച്ചാണ് രാജേഷ് ശര്‍മ്മ ഫേസ്ബുക്കില്‍ എഴുതിയത്. 'ബ്രദര്‍, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്' ഇങ്ങനെയായിരുന്നു വിജയ് സേതുപതിയുടെ വാക്കുകള്‍.
രാജേഷ് ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒത്തിരി സന്തോഷമുള്ളൊരു കാര്യം കുറച്ചു മുൻപ് സംഭവിച്ചു.
"സിഗൈ" എന്ന എന്റെ ആദ്യത്തെ തമിഴ് സിനിമ കണ്ട് തമിഴിന്റെ പ്രിയനടൻ വിജയ് സേതുപതി വിളിച്ചു. "ബ്രദർ, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്" കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി. ഉച്ചമയക്കത്തിൽ കണ്ട സ്വപ്നമായിരുന്നോ അത്? മുന്നിൽ വന്നു നിന്ന ഭാര്യ എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും കണ്ട് തുറിച്ചു നോക്കി. ഞാൻ പറഞ്ഞു, "വിജയ് സേതുപതി". ഞാൻ അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്തു. തമിഴറിയാത്ത അവൾ തമിഴിൽ കൈകാലിട്ടടിക്കുന്നതു കണ്ടു. അവളെന്തൊക്കെയോ പറഞ്ഞു. പിന്നെ ഫോൺ എന്റെ കയ്യിൽ തന്ന് വീടിനുള്ളിൽ ലക്ഷ്യമില്ലാതെ അന്തം വിട്ട് തെന്നിത്തെറിച്ചു നടന്നു.
ഒടുവിൽ ചെന്നൈയിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അദ്ദേഹം "ബൈ" പറഞ്ഞു. കുറച്ചു നേരം എന്റെ തലയ്ക്കകത്ത് കിളി പറന്നു. പിന്നെ എന്റെ സ്ഥായീഭാവം "കിളിരസ"മായിരുന്നു (നവരസങ്ങളിൽ ഇല്ലാത്തത് )
ഞാനെന്റെ മോളോടു പറഞ്ഞു, "മോളേ, പപ്പയെ വിജയ് സേതുപതി വിളിച്ചു". "വാ പപ്പേ, നമുക്ക് ഷട്ടിൽ കളിക്കാം". തമിഴ് നടികർ ബോധമില്ലാത്ത പെണ്ണ്!
"സിഗൈ" കണ്ട് എന്നെ വിളിക്കാൻ തോന്നിയ ആ വലിയ മനസ്സിനോട് ഒത്തിരിയൊത്തിരി സ്നേഹം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates