തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗമിനെ സിനിമയില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍. തങ്ങളോട് സഹകരിക്കാത്തവരോട് തിരിച്ച് സഹകരിക്കാതെയിരിക്കുകയാണ് ചെയ്തതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്ത് പറഞ്ഞു. അഭിനേതാക്കളുടെ സംഘടയായ അമ്മ കൈമാറിയ ഷെയ്‌നിന്റെ കത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെയ്ന്‍ നിഗം നിലവിലെ സിനിമകള്‍ തീര്‍ത്ത് നഷ്ടം നികത്തണം. സിനിമാ സെറ്റുകളില്‍ മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന നിലപാടില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറിയിട്ടില്ല. സിനിമാ മേഖലയിലെ മറ്റ് പ്രശ്‌നങ്ങള്‍ മറ്റൊരു യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും രഞ്ജിത് പറഞ്ഞു.
അതേസമയം സിനിമ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഇത് സംബന്ധിച്ച കരട് രേഖ തയ്യാറായെന്നും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സെറ്റിലെ ലഹരി വിഷയത്തില്‍ പരാതി ലഭിച്ചാല്‍ ഇടപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഷെയ്‌നിനെ പിന്തുണച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മ രംഗത്തെത്തിയിരുന്നു. വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചത്. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്റെ കുടുംബം അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു.
നിരവധി താരങ്ങളാണ് ഇന്നും ഷെയ്‌നിനെതിരായ വിലക്കിനെ എതിര്‍ത്ത് രംഗത്തെത്തിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനാ നേതാക്കള്‍ വിധികര്‍ത്താക്കളാകരുതെന്നും നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയ്ന്‍ നിഗമിനുണ്ടെന്നും അയാള്‍ക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓര്‍ക്കണമെന്നും നടന്‍ സലിം കുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates