ദുബൈ: നാല് വർഷത്തെ സേവന കാലയളവിൽ കുടിശ്ശികയാക്കിയ തുക മുൻ ജീവനക്കാരന് നൽകണമെന്ന് അബുദാബി ലേബർ കോടതി വിധിച്ചു. ജീവനക്കാരൻ ജോലി ചെയ്ത കമ്പനിയ്ക്കെതിരെ നൽകിയ കേസിലാണ് വിധി.
തൊഴിൽ കാലയളവുമായി ബന്ധപ്പെട്ട് കുടിശ്ശികയും സേവനാവസാന ആനുകൂല്യങ്ങളും ഉൾപ്പടെ 2,22,605 ദിർഹം നൽകാനാണ് കോടതി ഉത്തരവ്.
അൽ ഖലീജ് അറബിക് ദിനപത്രത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് ആണ് വിധി റിപ്പോർട്ട് ചെയ്തത്.
മുൻ ജീവനക്കാരന് പ്രവൃത്തി പരിചയ ( എക്സ്പീരിയൻസ്) സർട്ടിഫിക്കറ്റ് നൽകാനും കോടതി വിധിച്ചു. ജീവനക്കാരന് നൽകാൻ നിർദ്ദേശിച്ച തുകയുടെ പരിധിക്കുള്ളിൽ നിയമപരമായ ചെലവുകൾ കൂടി വഹിക്കാനും കോടതി വിധിയിൽ കമ്പനിയോട് വ്യക്തമാക്കി.
നിയമവിരുദ്ധമായാണ് തന്നെ പിരിച്ചുവിട്ടതെന്നും. ആനുകൂല്യങ്ങൾ നൽകിയില്ലെന്നും കാണിച്ച് നേരത്തെ, ജീവനക്കാരൻ ബന്ധപ്പെട്ട തൊഴിൽ അതോറിറ്റിക്ക് മുമ്പാകെ പരാതി നൽകിയിരുന്നു. ഈ പരാതി നൽകിയത് സംബന്ധിച്ച വിവരങ്ങൾ കോടതി രേഖകൾ വ്യക്തമാക്കുന്നു.
തൊഴിൽ അതോറിറ്റിക്ക് മുമ്പാകെ നൽകിയ പരാതിയിലെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ജീവനക്കാരൻ ആകെ 565,000 ദിർഹം ആവശ്യപ്പെട്ടാണ് കേസ് വാദിച്ചത്, അതിൽ 358,741.94 ദിർഹം വേതന കുടിശ്ശികയാണെന്ന് അവകാശപ്പെട്ടു, അന്യായമായി പിരിച്ചുവിട്ടതിന് 75,000 ദിർഹം നഷ്ടപരിഹാരം, വിനിയോഗിക്കാത്ത അർഹത അവധി കണക്കാക്കി ശമ്പളം 49,808.22 ദിർഹം, നോട്ടീസ് നൽകാതത്തിന് പകരമായി 25,000 ദിർഹം, സർവീസ് അവസാനിക്കുമ്പോൾ ലഭിക്കുന്ന ഗ്രാറ്റ്വുറ്റി ആയി 31,500 ദിർഹം എന്നിവ ഉൾപ്പെടുന്നു.
ജോലി സംബന്ധമായ ചെലവുകൾക്കായി ഇൻവോയിസ് പ്രകാരം ചെലവഴിച്ച 51,153 ദിർഹം പുറമേ, ഭവന, ഗതാഗത അലവൻസിന് 26,000 ദിർഹം കൂടി വാദിയായ ജീവനക്കാരൻ ആവശ്യപ്പെട്ടു.
വാദിയുടെ ആകെ സേവന കാലയളവ് നാല് വർഷവും അഞ്ച് മാസവും 27 ദിവസവും ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. 31,452 ദിർഹം കുടിശ്ശികയ്ക്കും 20,000 ദിർഹം ഭവന അലവൻസിനും അദ്ദേഹത്തിന് അർഹതയുണ്ടെന്ന് വിദഗ്ദ്ധ കമ്മിറ്റി റിപ്പോർട്ട് കണ്ടെത്തിയിരുന്നു.
കമ്പനിയുമായി ബന്ധപ്പെട്ട ചെലവുകൾക്കായി ജീവനക്കാരൻ 51,153 ദിർഹം നൽകിയതായി കാണിക്കുന്ന ഒപ്പിട്ട രേഖയുടെ ആധികാരികതയും റിപ്പോർട്ട് സ്ഥിരീകരിച്ചു.
കോടതിയിൽ അഭിഭാഷകർ മുഖേനെയെ മറ്റ് നിയമപരമായ പ്രതിനിധികളിലൂടെയോ കോടതിയിൽ ഹാജരാകുന്നതിനോ മുൻ ജീവനക്കാരൻ ഉന്നയിച്ച വാദങ്ങൾക്ക് എതിരായ തെളിവുകൾ നൽകുന്നതിനോ കമ്പനിക്ക് സാധിച്ചില്ല. അതിനാൽ കമ്പനിയുടെ അസാന്നിദ്ധ്യത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
വിധി പ്രകാരം കമ്പനി, മുൻജീവനക്കാരന് 222,605 ദിർഹവും, എക്സ്പീരൻസ് സർട്ടിഫിക്കറ്റും നൽകണം. എന്നാൽ, വാദി ആവശ്യപ്പെട്ട മറ്റ് ആവശ്യങ്ങൾ കോടതി നിരസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates