ദുബൈ: മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഗതാഗത മേഖലയിൽ വൻ മാറ്റത്തിന് കളമൊരുങ്ങുന്നു. ആഗോള വ്യവസായ ഭീമൻ ഇലോൺ മസ്കിന്റെ 'ദി ബോറിങ് കമ്പനി' ദുബൈയിൽ ഇലക്ട്രിക് ഭൂഗർഭ പാത നിർമ്മിക്കും. 2026 ന്റെ രണ്ടാം പാദത്തിൽ പദ്ധതിയുടെ നിർമ്മാണം തുടങ്ങും. ദുബൈ ലൂപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് അതിവേഗം എമിറേറ്റ്സിലെ വിവിധ ഭാഗങ്ങളിൽ എത്താൻ സാധിക്കും എന്നതാണ് പ്രത്യേകത.
എന്താണ് ലൂപ്പ് പദ്ധതി?
ഇലോൺ മസ്ക് സ്ഥാപിച്ച ദി ബോറിങ് കമ്പനി (TBC ) വികസിപ്പിച്ചെടുത്ത ഒരു പദ്ധതിയാണ് ലൂപ്പ്. അതിവേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കുന്ന ഇലക്ട്രിക് ഭൂഗർഭ ഗതാഗത സംവിധാനമാണ് ലൂപ്പ് എന്ന് പറയുന്നത്. സാധാരണ സബ് വേ പോലെയുള്ള ഗതാഗത മാർഗ്ഗങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽനിന്ന് വ്യത്യസ്തമായി ടെസ്‌ല കാറുകൾ ആയിരിക്കും ഈ ടണലിലൂടെ സഞ്ചരിക്കുക.
സബ് വേയിലൂടെ സഞ്ചരിക്കുമ്പോൾ പല സ്റ്റോപ്പുകളിലും ട്രെയിനുകൾ നിർത്തേണ്ടി വരും. ഇത് വലിയ സമയ നഷ്ടമുണ്ടാക്കും. എന്നാൽ ലൂപ്പ് പദ്ധതിയിൽ സ്റ്റോപ്പുകൾ ഒന്നും തന്നെ ഉൾപ്പെടുന്നില്ല. അത് കൊണ്ട് ഈ സമയം നഷ്ടം ഒഴിവാക്കാനും യാത്രക്കാരനെ കൃത്യ സ്ഥാനത്ത് എത്തിക്കാനും കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
അതായത്, ഒരു യാത്രക്കാരൻ ഒരു പോയിന്റിൽ നിന്ന് യാത്ര ആരംഭിച്ചാൽ അയാളുടെ ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം മാത്രമേ വാഹനം നിൽക്കുകയുള്ളൂ. അപ്പോൾ ഇത് ഒരു ഇതൊരു 'ടെസ്‌ല ടണൽ' ആണെന്ന് സംശയം തോന്നാം. എന്നാൽ അങ്ങനെ അല്ല. ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് പബ്ലിക് ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് ആയിരിക്കും. അത് കൊണ്ട് മറ്റു ഇടപെടലുകൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
ലൂപ്പ് പദ്ധതി ദുബൈയിലേക്ക് എത്തിയതിന്റെ പിന്നിൽ ചില ലക്ഷ്യങ്ങൾ കൂടിയുണ്ട്. ദുബൈ ക്ലീൻ എനർജി സ്ട്രേറ്റജി 2050,അർബർ മാസ്റ്റർ പ്ലാൻ 2040 എന്നീ ആശയങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ് ഈ പദ്ധതി.
ഈ രണ്ടു ആശയങ്ങളിലും സർക്കാർ ലക്ഷ്യം വെക്കുന്നത് തടസ്സം ഇല്ലാതെ ഗതാഗത മേഖലയിൽ മുന്നേറുക എന്നതാണ്. അത് കൊണ്ടാണ് ഇലോൺ മസ്കിന്റെ ലൂപ്പ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്.
ഇലോൺ മസ്കിന്റെ ദി ബോറിങ് കമ്പനിയും ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ബി വൈ ക്യാപ്പിറ്റൽസും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ദുബൈയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ, റസിഡൻഷ്യൽ ഏരിയകൾ, ടൂറിസ്റ്റ് സ്പോട്ടുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഈ ടണൽ പണിയുക. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ ആകും ഭൂഗർഭ പാതയിൽ ഉപയോഗിക്കുക.
2026 ലെ രണ്ടാം പാദത്തോടുകൂടി ടണലിന്റെ പണി ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. പണി ഭാഗികമായി പൂർത്തിയായാൽ ഒരു മണിക്കൂറിൽ 20,000 ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടുന്നത്.
പ്രവർത്തനം പൂർണ്ണസജ്ജമാകുമ്പോൾ മണിക്കൂറിൽ ഒരു ലക്ഷം ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും. ഇതിലൂടെ സിറ്റിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ജനങ്ങളുടെ ജീവിത ജീവിതനിലവാരം ഉയർത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് ഈ പദ്ധതിയിൽ നൽകിയിരിക്കുന്നത്. തണലിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലെല്ലാം വെന്റിലേഷൻ സിസ്റ്റവും എമർജൻസി എക്സിറ്റുകളും ഫയർ ഡിറ്റക്ഷൻ സിസ്റ്റംസ് എന്നിവ ഒരുക്കിയിട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഓപ്പറേഷൻ കൺട്രോൾ സെന്ററും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. ഭൂകമ്പം ഉണ്ടായാൽ പോലും ടണലിലുള്ള യാത്രക്കാർക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ല എന്നാണ് കമ്പനിയുടെ അവകാശവാദം.
ആദ്യഘട്ടത്തിൽ 17 കിലോമീറ്റർ ആണ് ടണലിന്റെ പണി നടക്കുക. ദുബൈയിൽ ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates