ദുബൈ: യുഎസ്-ഇസ്രായേൽ- ഇറാൻ യുദ്ധം കാരണം സിബിഎസ്ഇയുടെ വിവിധ പരീക്ഷകൾ ഗൾഫ് രാജ്യങ്ങളിൽ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പരീക്ഷ റദ്ദാക്കിയ പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു.
പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിതിഗതികളെ അടിസ്ഥാനമാക്കി മാർച്ച് അഞ്ചിന് സിബിഎസ്ഇ ഈ രാജ്യങ്ങളിലെ പത്താംക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയിരുന്നു.
2026 ഫെബ്രുവരി 17 നും ഫെബ്രുവരി 28 നും ഇടയിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ നടന്നിരുന്നു. ഈ സമയത്ത്, വിദ്യാർത്ഥികൾ ആകെ 44 പരീക്ഷകളാണ് എഴുതിയത്. മാത്സ്, ഇംഗ്ലീഷ്, സയൻസ് എന്നിവയുൾപ്പെടെ ആറ് അക്കാദമിക് വിഷയങ്ങൾ, 16 ഭാഷാ വിഷയങ്ങൾ, 22 നൈപുണ്യ അധിഷ്ഠിത വിഷയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഓരോ വിദ്യാർത്ഥിയും എത്ര പരീക്ഷകൾ എഴുതി എന്നതിനെ ആശ്രയിച്ച് ഫലങ്ങൾ എങ്ങനെ കണക്കാക്കുമെന്ന് വ്യക്തമാക്കുന്ന വിഭാഗം തിരിച്ചുള്ള ഫോർമുലയാണ് ബോർഡ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഫലവും മറ്റ് വിദ്യാർത്ഥികളോടൊപ്പം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇയുടെ നയത്തിന് അനുസൃതമായി പത്താം ക്ലാസുകാർക്കായി ആരംഭിച്ചിട്ടുള്ള രണ്ടാം ബോർഡ് പരീക്ഷകളിൽ പ്രകടനം മെച്ചപ്പെടുത്താൻ വിദ്യാർത്ഥികളെ അനുവദിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
എല്ലാ പരീക്ഷകളിലും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അവരുടെ ഓരോ പരീക്ഷയുടെയും മാർക്കുകളെ അടിസ്ഥാനമാക്കി സാധാരണ രീതിയിൽ തന്നെയായിരിക്കും ഫലം പ്രഖ്യാപിക്കുക.
നാല് പരീക്ഷകൾ എഴുതിയവരുടെ കാര്യത്തിൽ അവർക്ക് എഴുതാൻ സാധിക്കാത്ത വിഷയങ്ങളുടെ മാർക്ക് നൽകുന്നതിന് അവർ എഴുതിയ വിഷയങ്ങളിൽ ഏറ്റവും മികച്ച മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ഉപയോഗിച്ച് കണക്കാക്കും.
മൂന്ന് പരീക്ഷകൾ മാത്രം എഴുതാൻ സാധിച്ച വിദ്യാർത്ഥികളുടെ കാര്യത്തിൽ മറ്റ് വിഷയങ്ങളുടെ മാർക്ക് നിശ്ചയിക്കുന്നതിൽ അവർ എഴുതിയതിൽ ഏറ്റവും മികച്ച മാർക്ക് ലഭിച്ച രണ്ട് വിഷയങ്ങളുടെ ശരാശരിയെ അടിസ്ഥാനമാക്കി നൽകും.
രണ്ട് പരീക്ഷകൾ മാത്രം എഴുതിയത് വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ്. അവരുടെ മറ്റ് വിഷയങ്ങളുടെ മാർക്ക് ആ രണ്ട് വിഷയങ്ങളുടെയും ശരാശരി അടിസ്ഥാനമാക്കിയായിരിക്കും ഫലം പ്രഖ്യാപിക്കുക.
2025 ൽ അല്ലെങ്കിൽ അതിനുമുമ്പ് രണ്ട് വിഷയങ്ങൾക്ക് വരെ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രത്യേക വ്യവസ്ഥയിൽ ഉൾപ്പെടുത്തിയാകും മൂല്യനിർണ്ണയം നടത്തുക.
അവർ രജിസ്റ്റർ ചെയ്ത ഒന്നോ രണ്ടോ പരീക്ഷകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ, അവരുടെ പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഫലം പ്രഖ്യാപിക്കും.
ഏതെങ്കിലും പരീക്ഷ എഴുതാൻ സാധിച്ചിട്ടില്ലെങ്കിൽ , അവർക്ക് രണ്ടാമത്തെ ബോർഡ് പരീക്ഷകളിൽ പങ്കെടുക്കാൻ അവസരം നൽകും.
ഈ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം മറ്റൊരു രാജ്യത്തേക്ക് മാറ്റിയിരുന്നുവെങ്കിൽ, അവിടെ അവർ എഴുതിയ പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കിയായിരിക്കും ഫലം പ്രഖ്യാപിക്കുക.
മൂല്യനിർണ്ണയ പദ്ധതി ഉപയോഗിച്ച് തയ്യാറാക്കുന്ന ഫലം അന്തിമമായിരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇ അതിന്റെ പ്രഖ്യാപിത നയമനുസരിച്ച് നടത്തുന്ന പരീക്ഷകൾ ഒഴികെ ഒരു സാഹചര്യത്തിലും പ്രത്യേക പരീക്ഷ നടത്തില്ല എന്നും പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി.
പന്ത്രണ്ടാം ക്ലാസിലെ റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണ്ണയ പദ്ധതി തീരുമാനിച്ച ശേഷം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിബിഎസ്ഇയുടെ മൂല്യനിർണ്ണയം സംബന്ധിച്ച അറിയിപ്പ് പൂർണ്ണ രൂപത്തിൽ ഇവിടെ വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates