ദുബൈ: പൊതുഗതാഗത മേഖലയിൽ ലോക റെക്കോർഡ് സൃഷ്ടിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് സർവീസ്. പൊതുഗതാഗതത്തിനായുള്ള ആർ ടി എയുടെ ബസ്സുകൾ കഴിഞ്ഞ 18 വർഷം കൊണ്ട് സേവനത്തിനായി ഓടിയത് 20 ലക്ഷം കിലോമീറ്റർ ദൂരം.
ലോകത്തെ മറ്റ് പ്രധാന നഗരങ്ങളിലെ പൊതുഗതാഗത സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏറ്റവും മികച്ച പ്രവർത്തനമാണ്.
93% പ്രവർത്തനക്ഷമതയോടെ പ്രവർത്തിച്ച ദുബൈ ആർടിഎ ബസുകൾ ലണ്ടനെയും സിംഗപ്പൂരിനെയും മറികടന്നാണ് 20 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചത്. ലണ്ടൻ നഗരത്തിലെ പൊതുഗതാഗത സംവിധാനത്തേക്കാൾ ഏഴ് ലക്ഷം കിലോമീറ്ററും സിംഗപ്പൂരിനേക്കാൾ ആറ് ലക്ഷം കിലോമീറ്ററുമാണ് ദുബൈ ആർടിഎയുടെ ബസ്സുകൾ യാത്ര ചെയ്തത്. ലണ്ടൻ നഗരത്തിലെ ബസ്സുകൾ 13 ലക്ഷം കിലോമീറ്റും സിംഗപ്പൂരിൽ 14 ലക്ഷം കിലോമീറ്ററുമാണ് സഞ്ചരിച്ചത്.
ഓരോ ബസ്സും പ്രതീക്ഷിത സേവന കാലയളവിനേക്കാൾ കൂടുതൽ കാലം സർവീസ് നടത്തിയിട്ടും ഉയർന്ന പ്രവർത്തന ക്ഷമത നിലനിർത്താൻ അവയ്ക്ക് സാധിച്ചു.
ബസ്സുകൾ മാറ്റി വാങ്ങുക എന്നതിന് പകരം കൃത്യസമയങ്ങളിൽ ആവശ്യമായ അറ്റകുറ്റപണികൾ ചെയ്ത് അവ മുന്നോട്ട് കൊണ്ടുപോയത് വഴിയാണ് ഇത് സാധിച്ചത്. ഇതുവഴി പുതിയ ബസ് വാങ്ങുന്നതിലെ വലിയതോതിലുള്ള സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനും ആർടിഎയ്ക്ക് സാധിച്ചു.
പ്രാദേശികമായും ആഗോളതലത്തിലും സ്മാർട്ട് മൊബിലിറ്റിക്ക് ഈ ഫലങ്ങൾ ഒരു മാനദണ്ഡമായി വർത്തിക്കുന്നുവെന്നും വിശ്വസനീയവും സുസ്ഥിരവുമായ പൊതു സേവനങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ദുബൈയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും ആർടിഎ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates