ദുബൈ: ടാക്സി ഡ്രൈവർമാരെ ആദരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ ടി എ). റോഡ് നിയമങ്ങളും നിർദേശങ്ങളും പാലിച്ച് കൃത്യതയോടെ വാഹനമോടിച്ചതിനാണ് നഗരത്തിലെ 2172 ടാക്സി ഡ്രൈവർമാരെ അധികൃതർ ആദരിച്ചത്. യാത്രക്കാർക്ക് മികച്ച സേവനം നൽകാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തന കാലയളവ് വിലയിരുത്തിയാണ് സർക്കാർ ഇവരെ തെരഞ്ഞെടുത്തത്. ഈ ആദരവ് മികച്ച സേവനം ലഭ്യമാക്കുന്നതിന് ഡ്രൈവർമാർക്കിടയിലും കമ്പനികൾക്കിടയിലും ആരോഗ്യകരമായ മത്സരം രൂപപ്പെടുത്തുമെന്ന് ആർ ടി എയുടെ പൊതു ഗതാഗത ഏജൻസി സി ഇ ഒ അഹമ്മദ് ബഹ്റോസിയാൻ പറഞ്ഞു. ടാക്സി ഡ്രൈവർമാരുടെ നല്ല പ്രവർത്തികൾ ഉപഭോക്താക്കളുടെ സംതൃപ്തി വർധിപ്പിച്ചതായും അത് വഴി ജനങ്ങളുടെ ജീവിത ഗുണനിലവാരം ഉയർത്താനായെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രാഫിക് നിയമങ്ങൾ പാലിക്കുക, വാഹനത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുക, മറന്നുവെക്കുന്ന വസ്തുക്കൾ യഥാർഥ ഉടമകൾക്ക് തിരിച്ചു നൽകാൻ ഡ്രൈവർമാരെ പ്രചോദിപ്പിക്കുക എന്നിവയാണ് ഈ ആദരവ് കൊണ്ട് ലക്ഷ്യമിടുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ദുബൈയിൽ ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവ് ആണ് ഈ വർഷം രേഖപ്പെടുത്തിതെന്ന് ആർ ടി എ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates