ദുബൈ: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ സ്വദേശിവൽക്കരണ (എമിറേറ്റൈസേഷൻ) നിബന്ധനകൾ സമയപരിധിക്കുള്ളിൽ നടപ്പാക്കണമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) നിർദ്ദേശിച്ചു.
ഈ വർഷം ഡിസംബർ 31 നകം വർഷാവസാന സമയപരിധി പാലിക്കാത്ത കമ്പനികൾക്ക് സാമ്പത്തികവും നിയമപരവുമായ നടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. സ്വദേശികളെ വൈദഗ്ധ്യമുള്ള തസ്തികകളിലേക്ക് നിയമിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
സ്വദേശിവൽക്കരണ ചട്ടങ്ങൾ പ്രകാരം നിയന്ത്രിക്കപ്പെടുന്ന സ്വകാര്യ മേഖലയിൽ ഡിസംബർ 31-നകം അവരുടെ റിക്രൂട്ട്‌മെന്റ് ശ്രമങ്ങൾ വർദ്ധിപ്പിക്കാനും 2025 ലെ സ്വദേശിവൽക്കരണ മാനദണ്ഡങ്ങൾ പാലിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.
2026 ജനുവരി ഒന്നു മുതൽ, നിർബന്ധിത സ്വദേശിവൽക്കരണം സംബന്ധിച്ച് നിർദ്ദിഷ്ട ശതമാനം നിയമനങ്ങൾ നടത്താത്ത സ്ഥാപനങ്ങൾ പിഴ നൽകേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു.
ഈ നിർദ്ദേശത്തോടെ, യുഎഇയുടെ തൊഴിൽ നയത്തിലെ പ്രധാന ഭാഗമായ വൈദഗ്ധ്യമുള്ള തസ്തികകളിൽ സ്വദേശി പൗരരെ നിയമിക്കുന്നതിലും നിലനിർത്തുന്നതിലും കോർപ്പറേറ്റ് ഉത്തരവാദിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അധികൃതർ കൂടുതൽ ഊന്നൽ നൽകുന്നു.
എമിറേറ്റ് തൊഴിലന്വേഷകരുമായി കാര്യക്ഷമമായി ബന്ധപ്പെടുന്നതിനും ഈ ആവശ്യകതകൾ നിറവേറ്റുന്നതിനും നഫിസ് (Nafis) പോലുള്ള പ്ലാറ്റ്‌ഫോമുകൾ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷയും മന്ത്രാലയം മുന്നോട്ടുവച്ചു.
50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സ്വദേശിവൽക്കരണ ക്വാട്ട പ്രകാരം വർഷാവസാനത്തിന് മുമ്പ് വൈദഗ്ധ്യമുള്ള ജോലികളിലുള്ള സ്വദേശികളായ ജീവനക്കാരുടെ എണ്ണം പ്രതിവർഷം രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്നു.
20 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് ദ്രുതഗതിയിലുള്ള വികാസമുള്ള മേഖലകളിലെ സ്ഥാപനങ്ങൾ, മാനദണ്ഡ പ്രകാരം 2026 ജനുവരി ഒന്നിന് മുമ്പ് കുറഞ്ഞത് ഒരു സ്വദേശിയെ എങ്കിലും നിയമിക്കുകയും നിലവിലുള്ള സ്വദേശി ജീവനക്കാരെ നിലനിർത്തുകയും ചെയ്യണം.
ഈ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് സാമ്പത്തിക പിഴകൾ ഉൾപ്പെടെ നേരിടേണ്ടിവരും, കൂടാതെ കമ്പനി ക്ലാസിഫിക്കേഷനിൽ തരംതാഴ്ത്തൽ, മന്ത്രാലയത്തിന് കീഴിൽ വരുന്ന സ്ഥാപന ചട്ടക്കൂടിനുള്ളിൽ നിർബന്ധിത പരിഹാര നടപടികൾ തുടങ്ങിയ നിയമപരമായ നടപടികളും നേരിടേണ്ടി വരും.
'വ്യാജ സ്വദേശിവൽക്കരണം' പോലുള്ളവ കണ്ടെത്തുന്നതിന് നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക കോൾ സെന്റർ, ഡിജിറ്റൽ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു.
സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ കടന്നും മുന്നോട്ട് പോകുന്ന ബിസിനസുകൾക്ക് മന്ത്രാലയ സേവന ഫീസിൽ 80 ശതമാനം വരെ ഇളവുകളും സർക്കാർ കരാറുകൾക്കുള്ള മുൻഗണനയും നേടാൻ കഴിയും,നഫിസ് പ്രോഗ്രാം, എമിറേറ്റൈസേഷൻ പാർട്ണേഴ്‌സ് ക്ലബ് തുടങ്ങിയ പദ്ധതികളിൽ പങ്കാളിത്തം നൽകും ഇവ ബിസിനസ് വികസനത്തിനുള്ള വഴികൾ വർദ്ധിപ്പിക്കും.
2025 ജൂൺ 30 വരെ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 152,000 കവിഞ്ഞു, അവർ 29,000 കമ്പനികളിലായി ജോലി ചെയ്യുന്നു. . 2025 ന്റെ ആദ്യ പകുതിയിൽ സ്വകാര്യ മേഖലയിലെ കമ്പനികളിൽ 405 'വ്യാജ സ്വദേശിവൽക്കരണ' കേസുകൾ മന്ത്രാലയം കണ്ടെത്തിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates