ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടെ ഇന്ത്യ-ഒമാന്‍ വ്യാപാര കരാര്‍ ഇന്ന് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി തീരുവ ഇല്ലാതെ ഒമാനിലേക്ക് കയറ്റി അയക്കാന്‍ കരാറിലൂടെ കഴിയുമെന്നതിനാല്‍ ഇന്ത്യയ്ക്ക് കരാര്‍ വന്‍നേട്ടങ്ങള്‍ കൊണ്ടുവരും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മസ്‌കറ്റ് സന്ദര്‍ശന വേളയിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഒപ്പുവച്ചത്.
പുതിയ വിപണികള്‍ തുറക്കുക, കയറ്റുമതി വര്‍ദ്ധിപ്പിക്കുക,നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നിവയിലൂടെ അവസരങ്ങളുടെ വലിയ വാതിലാണ് തുറക്കുന്നത്. വിദ്യാര്‍ഥികള്‍, കരകൗശല വിദഗ്ധര്‍, സ്ത്രീകള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, എംഎസ്എംഇകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് കരാര്‍ കൂടുതല്‍ നേട്ടമാകും. കരാര്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക നാഴികക്കല്ലാണെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞത്.
കരാര്‍ എന്തുകൊണ്ട് പ്രധാനമാണ്
ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്കുനീക്കം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഇന്ത്യ-ഒമാന്‍ സിഇപിഎ പ്രാബല്യത്തില്‍ വരുന്നത്. ഇറാന്റെ ഹോര്‍മൂസ് കടലിടുക്കില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണയുടെയും വാതകത്തിന്റെയും ഒഴുക്കിനെ തടസ്സപ്പെടുത്തി,ഇത് അസംസ്‌കൃത എണ്ണയുടെ വിലയില്‍ വര്‍ദ്ധനവിന് കാരണമായി. എന്നാല്‍, ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതത്തെ ആശ്രയിക്കുന്ന മിക്ക ഗള്‍ഫ് രാജ്യങ്ങള്‍ പോലെയല്ല ഒമാന്‍. ഒമാന്‍ തീരപ്രദേശത്തിന്റെ ഭൂരിഭാഗവും കടലിടുക്കിന് പുറത്ത്, അറേബ്യന്‍ കടലിലും ഒമാന്‍ ഉള്‍ക്കടലിലുമാണ്. കരാര്‍ യാഥാര്‍ഥ്യമായതോടെ ഹോര്‍മുസ് കടലിടുക്കിന്റെ പരിധിയില്‍ വരാത്ത, ഒമാനിലെ സലാല, ദുഖം തുറമുഖങ്ങള്‍ വഴി പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യയ്ക്കു കയറ്റുമതി വര്‍ധിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍.
പ്രധാന ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 2025 ഏപ്രിലിലെ 15 ബില്യൺ യു.എസ്. ഡോളറിൽ നിന്നും 2026 ഏപ്രിലിൽ 9.8 ബില്യൺ യു.എസ്. ഡോളറായി കുത്തനെ ഇടിഞ്ഞു; ഇതോടൊപ്പം ഈ മേഖലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും 4.4 ബില്യൺ ഡോളറിൽ നിന്ന് 2.7 ബില്യൺ ഡോളറായി കുറഞ്ഞു.
എന്നാൽ ഈ ഇടിവിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മുന്നേറ്റമാണ് ഒമാൻ നടത്തിയത്. ഒമാനിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ 246.4 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണയുടെയും യൂറിയയുടെയും ഇറക്കുമതി കൂടിയതാണ് ഇതിന് കാരണമായത്. ഇതോടെ ഒമാനിൽ നിന്നുള്ള ഇറക്കുമതി 430 മില്യൺ യു.എസ്. ഡോളറിൽ നിന്നും ഏകദേശം 1.5 ബില്യൺ യു.എസ്. ഡോളറായി ഉയർന്നു.
കരാര്‍ ഇന്ത്യക്ക് നേട്ടമാകുന്നതെങ്ങനെ
കരാർ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള 99.38 ശതമാനം കയറ്റുമതി ഉൽപ്പന്നങ്ങളെയും ഉൾക്കൊള്ളുന്ന വിധത്തിൽ തങ്ങളുടെ 98.08 ശതമാനം താരിഫ് ലൈനുകളിലും ഒമാൻ പൂർണ്ണമായ നികുതി രഹിത (സീറോ ഡ്യൂട്ടി) പ്രവേശനം അനുവദിക്കുന്നുണ്ട്. ഈ കരാർ നിലവിൽ വരുന്നതിന് മുൻപ് വെറും 15.3 ശതമാനം ഉൽപ്പന്നങ്ങൾക്ക് മാത്രമായിരുന്നു ഇത്തരത്തിൽ നികുതി ഇളവ് ലഭിച്ചിരുന്നത്. സ്വർണ്ണ-രത്ന ആഭരണങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, കായിക സാമഗ്രികൾ, പ്ലാസ്റ്റിക്, ഫർണിച്ചറുകൾ, കാർഷിക വിഭവങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങിയ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ തൊഴിലധിഷ്ഠിത മേഖലകൾക്കും ഇതിലൂടെ ഒമാൻ വിപണിയിൽ കസ്റ്റംസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കിക്കിട്ടും..
2026 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഒമാനിലേക്കുള്ള ഇന്ത്യയുടെ ആകെ കയറ്റുമതി ഏകദേശം 3.64 ബില്യൺ യുഎസ് ഡോളറാണ്. ഇതിൽ പെട്രോൾ (781 മില്യൺ ഡോളർ), നാഫ്ത (746 മില്യൺ ഡോളർ) തുടങ്ങിയ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളാണ് ഏറ്റവും മുന്നിലുള്ളത്. തൊട്ടുപിന്നാലെ കാൽസിൻഡ് അലുമിന (277 മില്യൺ ഡോളർ), ഇരുമ്പ്-ഉരുക്ക് ഉൽപ്പന്നങ്ങൾ (230 മില്യൺ ഡോളർ), യന്ത്രസാമഗ്രികൾ (178 മില്യൺ ഡോളർ), അരി (167 മില്യൺ ഡോളർ) എന്നിവയും ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള 80 ശതമാനത്തിലധികം കയറ്റുമതി ഉൽപ്പന്നങ്ങൾക്കും മുൻപ് തന്നെ ഒമാനിൽ അഞ്ച് ശതമാനത്തോളം കുറഞ്ഞ ശരാശരി നികുതി മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, ചില പ്രത്യേക ഉൽപ്പന്നങ്ങളുടെ മേലുള്ള ഇറക്കുമതി ചുങ്കം 100 ശതമാനം വരെ ഉയർന്നതായിരുന്നു.
കരാര്‍ ഒമാന് എങ്ങനെ നേട്ടമുണ്ടാകും
ഇതിനകം ഇന്ത്യയിലേക്ക് വൻതോതിൽ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന ഊർജ്ജം, വളം, വ്യവസായ ആവശ്യങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയ മേഖലകളിലാണ് ഒമാന്റെ നേട്ടങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ കരാർ പ്രകാരം ഇന്ത്യ തങ്ങളുടെ 78 ശതമാനം താരിഫ് ലൈനുകളിലെ നികുതി പൂർണ്ണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും.
കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ഒമാനിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 7.2 ബില്യൺ യു.എസ്. ഡോളറിന്റെ ഉൽപ്പന്നങ്ങളാണ്. ഇതിൽ അസംസ്‌കൃത എണ്ണ (1.6 ബില്യൺ ഡോളർ), ദ്രവീകൃത പ്രകൃതിവാതകം അഥവാ എൽ.എൻ.ജി. (1.2 ബില്യൺ ഡോളർ), വളങ്ങൾ (843 മില്യൺ ഡോളർ) എന്നിവയാണ് പ്രധാനമായും ഉള്ളത്. വ്യവസായ ആവശ്യങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ പ്രധാന സ്രോതസ്സ് കൂടിയായ ഒമാനിൽ നിന്ന് 465 മില്യൺ ഡോളറിന്റെ മെഥനോളും 424 മില്യൺ ഡോളറിന്റെ അമോണിയയും ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates