ദുബൈ: അങ്ങനെ കാത്തിരിപ്പിനൊടുവിൽ യു എ ഇയിൽ ഐ ഫോൺ 17 ന്റെ വിതരണം ആരംഭിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്ത ആളുകൾക്കാണ് ഫോൺ നൽകുന്നത്.
ഫോൺ സ്വന്തമാക്കാനായി അതി രാവിലെ മുതൽ പലരും മാളിന് മുൻപിൽ ക്യു നിൽക്കുന്ന കാഴ്ചയും കാണാമായിരുന്നു. പല നിറത്തിലുള്ള ഫോണുകൾ ഉണ്ടെങ്കിലും കോസ്മിക് ഓറഞ്ച് നിറമുള്ള ഐഫോൺ 17 പ്രോ മാക്സ് സ്വന്തമാക്കാനാണ് എല്ലാവർക്കും ആഗ്രഹം.
അതിനിടെ പുതിയ ഫോൺ വാങ്ങി മറിച്ചു വിൽക്കുന്നവരുടെ തിരക്കാണ് ദുബൈയിലെ പല മാളുകൾക്ക് മുൻപിലും. ഐ ഫോൺ 17 ന്റെ വിവിധ മോഡലുകൾ ആപ്പിൾ സ്റ്റോറിൽ നിന്ന് വാങ്ങിയ ശേഷം പുറത്തിറങ്ങി കവർ പോലും പൊട്ടിക്കാതെയാണ് വിൽപ്പന നടത്തുന്നത്. ഓരോ മോഡലിനും അതിന്റെ ഒറിജിനൽ വിലയേക്കാൾ 1000 ദിർഹം മുതൽ 2000 ദിർഹം വരെ അധികം നൽകിയാൽ ഫോണുകൾ നൽകും. അതായത് ഇന്ത്യൻ രൂപ 22,000 മുതൽ 48,0000 വരെ അധികമായി നൽകിയാൽ ഫോൺ സ്വന്തമാക്കാം.
വിദേശികളെ പ്രത്യേകം ലക്ഷ്യമിട്ടാണ് ഈ കച്ചവടം. പ്രത്യേകിച്ചും മിഡിൽ ഈസ്റ്റ്,റഷ്യ എന്നി രാജ്യങ്ങളിൽ നിന്നുള്ളവരെ. യു എ ഇയിൽ വിൽക്കുന്ന ഫോണുകളിൽ ഇ-സിം മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് വിനോദ സഞ്ചാരികൾ ഫോൺ വാങ്ങുന്നതെന്ന് മറിച്ചു വിൽപ്പന നടത്തുന്ന ഒരാൾ പറയുന്നു.
തിരക്ക് കണക്കിലെടുത്ത് ചെറിയ കൂട്ടമായി മാത്രമേ ആളുകളെ ദുബൈ മാൾ അടക്കമുള്ള സ്ഥലങ്ങളിൽ പ്രവേശിപ്പിക്കുന്നുള്ളൂ. അത് കൊണ്ട് ഫോൺ വാങ്ങാൻ എത്തുന്ന ആളുകൾക്ക് കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനും സമാധാനമായി ഫോൺ വാങ്ങി പുറത്ത് എത്താനും കഴിയും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സുരക്ഷയും സംഘാടനവുമാണ് ഇത്തവണ യു എ ഇയിൽ ഒരുക്കിയിരിക്കുന്നത്. ഐഫോൺ 17 ന് 3,399 ദിർഹം മുതലാണ് യു എ ഇയിലെ വില. ഐഫോൺ 17 എയർ 4,299 ദിർഹവും,ഐഫോൺ 17 പ്രോ 4,699 ദിർഹവും, ഐഫോൺ 17 പ്രോ മാക്സ് 5,099 ദിർഹവും നൽകിയാൽ സ്വന്തമാക്കാൻ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates