കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷയായി ഇനി സാമൂഹിക സേവനവും. തടവ് ശിക്ഷ ലഭിക്കുന്ന പ്രതിയ്ക്ക് ജയിൽ ശിക്ഷ കാലയളവ് ഒഴിവാക്കി പകരം സാമൂഹിക സേവനത്തിന് കോടതി അവസരം നൽകും. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹി ആണ് പുതിയ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തുടങ്ങിയ പതിനാറ് മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലുമായാണ് പ്രതികൾ സാമൂഹിക സേവനം ചെയ്യേണ്ടത്.
പള്ളികളും ബീച്ചുകളും ശുചീകരിക്കുക,മരങ്ങൾ നട്ടു പിടിപ്പിക്കുക, വൈദ്യുത-ജല വകുപ്പിൽ ഇലക്ട്രിസിറ്റി മീറ്റർ ഡാറ്റകൾ തയാറാക്കുന്നതിൽ സഹായിക്കുക, വിവിധ ബോധവൽക്കരണ പരിപാടികളിൽ ഉദ്യോഗസ്ഥരെ സഹായിക്കുക തുടങ്ങിയ വ്യത്യസ്ത കമ്മ്യൂണിറ്റി സേവനങ്ങളാണ് ചെയ്യേണ്ടി വരിക.
ഗതാഗത അപകടങ്ങളിൽ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചാൽ പ്രതി തന്നെ വാഹനം നന്നാക്കി കൊടുക്കുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകുകയോ വേണമെന്നും പുതിയ നിയമത്തിൽ പറയുന്നു.
അടുത്തിടെയാണ് കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പിലാക്കിയത്. ഗതാഗത നിയമലംഘനങ്ങൾക്ക് ജയിൽ ശിക്ഷയും പിഴത്തുക ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്.
വാഹനാപകടത്തിൽ മരണം സംഭവിക്കുക, റെഡ് സിഗ്നൽ മറികടക്കുക,ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം, അമിത വേഗത്തിൽ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ അപകടമരണങ്ങളുടെ എണ്ണം വൻ തോതിൽ കുറവ് വന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates