കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തുകാർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്ത് സർക്കാർ കൊണ്ട് വന്ന പുതിയ നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിലാക്കുമെന്ന് അധികൃതർ. ഇതോടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷയും,പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് ഇനിമുതൽ ലഭിക്കുക.
മുൻപ് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് നിയമം പാസാക്കിയത്.
രാജ്യത്ത് നിന്ന് ലഹരിവസ്തുക്കൾ പൂർണമായും ഒഴിവാക്കാനും ലഹരി മരുന്നിന്റെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കുന്നതിനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ലഹരി മരുന്നിന്റെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് നിയമങ്ങൾ രാജ്യത്ത് നിലനിന്നിരുന്നു.
ഇവ ലയിപ്പിച്ചാണ് പുതിയ നിയമം നിർമിച്ചത്. ഇതിലൂടെ കള്ളക്കടത്തുകാർ,വിതരണക്കാർ,ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്യുന്നവർ എന്നിവർക്ക് കനത്ത പിഴക്കൊപ്പം വധശിക്ഷ വരെ ലഭിക്കാവുന്ന തരത്തിലാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.
സമീപകാലത്ത് കുവൈത്ത് സുരക്ഷാ ഏജൻസികൾ നിരവധി മയക്കുമരുന്ന് കടത്തൽ ശ്രമങ്ങൾ പരാജയപ്പെടുത്തുകയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടുകയും ചെയ്തിരുന്നു. പുതിയ നിയമം ക്രിമിനൽ നെറ്റ് വർക്ക് എതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സഹായിക്കുമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates