കുവൈത്ത് സിറ്റി: മഴയത്ത് വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യരുതെന്ന് കുവൈത്ത് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം. മഴയുള്ളപ്പോള്‍ ഇത്തരം ലൈറ്റുകള്‍ ഓണ്‍ ചെയ്യുന്നത്, വാഹനം തിരിയുന്നതോ ദിശ മാറ്റുന്നതോ സൂചിപ്പിക്കുന്ന സിഗ്‌നലുകളില്‍ അവ്യക്തതയുണ്ടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കുവൈത്ത് ടിവിയിലെ 'ഗുഡ് മോര്‍ണിങ് കുവൈത്ത്' പരിപാടിയില്‍ സംസാരിക്കവെയാണ് കുവൈത്ത് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുള്ള ബു ഹസ്സനാണ് ഇക്കാര്യം പറഞ്ഞത്.
ശൈത്യകാലവും മഴക്കാലവും ആരംഭിക്കുന്ന സാഹചര്യത്തില്‍, വാഹനങ്ങളുടെ ടയറുകളും മുന്‍വശത്തെയും പിന്‍വശത്തെയും വൈപ്പറുകളും പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കാഴ്ച വ്യക്തമാക്കാന്‍ 'ഡെമിസ്റ്റര്‍' ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നനഞ്ഞ റോഡുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രധാന റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ കാരണം കുവൈത്ത് സിറ്റിയിലേക്കുള്ള റോഡുകളില്‍ രാവിലെ കനത്ത ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നതായും ബു ഹസ്സന്‍ അറിയിച്ചു. 'ഫോര്‍ത്ത് റിങ് റോഡില്‍' നടക്കുന്ന അറ്റകുറ്റപ്പണികള്‍ കാരണം, അവിടെയുള്ള വാഹനങ്ങള്‍ 'ഫിഫ്ത് റിങ് റോഡ്' വഴിയാക്കി മാറ്റിയതാണ് അവിടെ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് അദ്ദേഹം വിശദീകരിച്ചു. രാവിലെ തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ വഴി ഗതാഗത വാര്‍ത്തകളും ബദല്‍ വഴികളെക്കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധിക്കണമെന്നും, അനുയോജ്യമായ വഴികള്‍ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates