

നടന്‍ വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. നേഹ ബോറയെ അഭിനന്ദിച്ചു കൊണ്ടുള്ള വിനീതിന്റെ പോസ്റ്റിനുള്ള മറുപടിയായാണ് സെന്‍കുമാറിന്റെ കുറിപ്പ്. നെഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, വിനീതും മറ്റെല്ലാവരും ഭദ്ര കീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടതെന്നാണ് സെന്‍കുമാര്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:
''പ്രിയപ്പെട്ട വിനീത് ശ്രീനിവാസന്‍, നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, വിനീതും മറ്റെല്ലാവരും ഭദ്ര കീര്‍ത്തിയെപ്പോലൊരു മകളെ വളര്‍ത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടത്. നാരീശക്തി അതിന്റെ ഏറ്റവും മഹത്തായ രൂപത്തില്‍! ഭദ്രാ, നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നു!
പ്രിയപ്പെട്ട പിതാവിന് നീതി ലഭിക്കുന്നതിനായി, അദ്ദേഹം ഈ ലോകത്തോട് ഏറ്റവും വേദനാജനകമായ രീതിയില്‍ വിടപറഞ്ഞ ആ ദുരിതഘട്ടത്തില്‍പ്പോലും നീ കാണിച്ച ധൈര്യവും ഉറച്ച നിലപാടും പോരാട്ടവീര്യവും ഹൃദയസ്പര്‍ശിയും ഏറെ പ്രചോദനാത്മകവുമാണ്. നിന്റെ ഈ അചഞ്ചലമായ മനക്കരുത്ത് ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ടതാണ്.
കുടുംബത്തിന്റെ ഏക ആശ്രയവും അന്നദാതാവുമായിരുന്ന പിതാവിനെ നഷ്ടപ്പെട്ട ഭദ്രയ്ക്ക് ഇനി അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയുമില്ലാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. ഈ ധീരയായ മകളെ ചേര്‍ത്തുപിടിക്കുകയും അവള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ അവള്‍ക്കൊപ്പം നില്‍ക്കാനും അന്തസ്സോടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ അവളെ സഹായിക്കാനും നമുക്ക് കഴിയണം.
നിന്റെ ധൈര്യവും ഉറച്ച നിലപാടുകളും ആത്മവിശ്വാസവും ഇനിയും എണ്ണമറ്റ ആളുകള്‍ക്ക് പ്രചോദനമാകട്ടെ. കരുത്തോടെ മുന്നേറുക, ഭദ്രാ! നിന്റെ നീതിക്കായുള്ള പോരാട്ടത്തില്‍ സമൂഹം നിനക്കൊപ്പം നിലകൊള്ളും''.
ചേരാനെല്ലൂരില്‍ 17 കാരന്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട യാത്രക്കാരന്റെ മകളാണ് ഭദ്രകീര്‍ത്തി. പിതാവിന്റെ മരണത്തില്‍ നീതി തേടി പൊലീസ് സ്റ്റേഷനില്‍ നടത്തിയ സമരം പൊലീസിനേയും സര്‍ക്കാരിനേയും നടപടിയെടുക്കാന്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ സമരങ്ങളിലൂടെ നേഹ ബോറ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നേഹയുടെ റീല്‍ പങ്കുവച്ചു കൊണ്ട് വിനീത് പിന്തുണറിയിച്ചത് വാര്‍ത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates