

തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിയും ഇതിഹാസ താരവുമായ എംജി രാമചന്ദ്രന്റെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക്. 'പുരട്ചി തലൈവർ എംജിആർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ, എംജിആർ ആയി എത്തുന്നത് നടൻ ജെ എം ബഷീറാണ്. എംജിആറിന്റെ ബാല്യകാലം, സിനിമാ ജീവിതം, രാഷ്ട്രീയ പ്രവേശം തുടങ്ങി വിവിധ ഘട്ടങ്ങൾ ദൃശ്യവത്കരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിലെ രാമാപുരത്ത് ഉടൻ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ചിത്രത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ നടി തൃഷയുമായി ചർച്ചകൾ നടക്കുകയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നടൻ ബഷീർ വെളിപ്പെടുത്തി. തന്റെ മകളും തൃഷയും സുഹൃത്തുക്കളാണെന്നും, അവർ ഇപ്പോൾ ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, തൃഷ ഈ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എം കരുണാനിധി, സിഎൻ അണ്ണാദുരൈ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടാകും. ഈ കഥാപാത്രങ്ങളെയും മറ്റ് പ്രധാന വേഷങ്ങളെയും അവതരിപ്പിക്കാനുള്ള അഭിനേതാക്കളെ അണിയറപ്രവർത്തകർ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
കൂടാതെ, ചിത്രത്തിന്റെ സംവിധായകനെയും സംഗീത സംവിധായകനെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വെളിപ്പെടുത്തുമെന്നാണ് വിവരം. താൻ ഈ പ്രൊജക്റ്റുമായി മുന്നോട്ട് പോവുകയാണെന്നും, എംജിആറിന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിയുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും ബഷീർ വ്യക്തമാക്കി.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates