റിയാദ്: സൗദി റിയാദിലെ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം. ആക്രമണത്തില്‍ പന്ത്രണ്ടിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. ആക്രമണത്തിന് പിന്നാലെ നിരവധി പേരെ സ്ഥലത്ത് നിന്ന് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.
സൗദി വ്യോമപാത ഒഴിവാക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഹൂതികള്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും വ്യോമാക്രമണമുണ്ടായത്. ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി പരിസരവാസികള്‍ വ്യക്തമാക്കി.
ഉച്ചയ്ക്ക് 2:05-ന് അവസാന വിമാനം ഇറങ്ങി ഏകദേശം നാല് മണിക്കൂറിന് ശേഷം, റിയാദിലേക്കുള്ള വിമാനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ഫ്‌ലൈറ്റ് ട്രാക്കിങ് സേവനമായ 'ഫ്‌ലൈറ്റ് റഡാര്‍ 24' അറിയിച്ചു. വിമാനത്താവളം അടച്ചതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതായി കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. 'സൈനിക നടപടികള്‍ തുടരുന്നതിനാല്‍' വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കാനഡയുടെ എംബസി പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വെള്ളിയാഴ്ച വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ സൗദിയയുടേത് ഉള്‍പ്പെടെ മൂന്ന് യാത്രാവിമാനങ്ങള്‍ തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. തുടര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി യെമനില്‍ ഹൂതികളുടെ 136 സൈനിക കേന്ദ്രങ്ങള്‍ സൗദി സഖ്യസേന തകര്‍ത്തു. ഹൂതികളുടെ പക്കലുള്ള ബാലിസ്റ്റിക് മിസൈല്‍ ശേഖരം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നും ബാബുല്‍ മന്‍ദിബിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് സഖ്യസേന വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates