ദുബൈ: ജിസിസി രാജ്യങ്ങളിൽ പ്രത്യേകിച്ച് യു എ ഇ യിലെ മുൻനിര കമ്പനികളിലെ പുതിയ നിയമനങ്ങളിൽ പത്തിൽ നാല് പേർ സ്ത്രീകളാണെന്ന് പഠനം.
കൃത്യമായ കണക്ക് പ്രകാരം മൊത്തം നിയമനത്തിലെ 42 ശതമാനം സ്ത്രീകളാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനത്തിൽ പറയുന്നു.
ജിസിസിയിലെ ഏറ്റവും മികച്ച റേറ്റിങ്ങുള്ള കമ്പനികളിലെ തൊഴിൽ ശക്തിയുടെ 33 ശതമാനം നിലവിൽ സ്ത്രീകളാണെന്നും വർക്ക്‌പ്ലേസ് കൾച്ചർ കൺസൾട്ടൻസിയായ അവതാർ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. എന്നാൽ, 10 ൽ മൂന്നിൽ താഴെ പേർക്ക് മാത്രമേ - 28 ശതമാനം - സ്ഥാനക്കയറ്റം ലഭിച്ചിക്കുന്നുള്ളൂ.
യുഎഇയിലെയും ജിസിസിയിലെയും 95 ശതമാനം കമ്പനികളും ഇപ്പോൾ സ്ത്രീകൾക്ക് നേതൃത്വ പരിശീലനം നൽകുന്നു. കൂടാതെ, 79 ശതമാനം കമ്പനികളും സ്ത്രീകളുടെ കരിയർ പുരോഗതിയെ പിന്തുണയ്ക്കുന്നതിനായി ഔപചാരിക മെന്ററിങ്ങും എക്സിക്യൂട്ടീവ് കോച്ചിങ്ങും നൽകുന്നു.
തൊഴിലിലെ തുടക്കത്തിലുള്ള (എൻട്രി ലെവൽ) തസ്തികകളിൽ 42 ശതമാനവും സ്ത്രീകളാണ് ജോലി ചെയ്യുന്നത്, എന്നാൽ മൊത്തത്തിലുള്ള ജനസംഖ്യാ അനുപാതം കണക്കിലെടുക്കുമ്പോൾ ഇത് ഇപ്പോഴും പര്യാപ്തമല്ലെന്ന് അവതാർ ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സൗന്ദര്യ രാജേഷ്, ഖലീജ് ടൈംസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. .
കോർപ്പറേറ്റ് ശ്രേണിയുടെ മുകൾ തട്ടിൽ സ്ത്രീ പ്രാതിനിധ്യം കൂടുതൽ കുറയുന്ന പ്രവണതയുണ്ടെന്നും ഡോ. സൗന്ദര്യ നിരീക്ഷിക്കുന്നു.
" ഒരു കോർപ്പറേഷനിൽ 100 പേർ എൻട്രി ലെവലിൽ ചേരുകയും അതിൽ, 60 ശതമാനം സ്ത്രീകളും 40 ശതമാനം പുരുഷന്മാരും ആണെങ്കിലും സ്ത്രീകളുടെ എണ്ണം പതുക്കെ കുറയുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അതിനാൽ, എൻട്രി ലെവലിൽ 42 ശതമാനം സ്ത്രീകൾ മാത്രമേ ഉള്ളൂവെങ്കിൽ, ഉയർന്ന സ്ഥാനങ്ങളിൽ അത് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങും," 'ഗൾഫിലെ സ്ത്രീകൾക്കുള്ള മികച്ച കമ്പനികൾ 2025' എന്ന റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങിൽ ഡോ. സൗന്ദര്യ പറഞ്ഞു.
ലിംഗ വൈവിധ്യത്തെയും വൈവിധ്യങ്ങളുടെ ഉൾക്കൊള്ളലിനെയും അംഗീകരിക്കുന്ന മികച്ച സ്ഥാപനങ്ങളെ അടയാളപ്പെടുത്തുന്നതാണ് 'ബെസ്റ്റ് കമ്പനീസ് ഫോർ വുമൺ ഇൻ ദ് ഗൾഫ് 2025' എന്ന റിപ്പോർട്ട്.
ഗ്ലോബൽ ഇൻസൈറ്റ്‌സിന്റെ കണക്കനുസരിച്ച്, യുഎഇയിലെ 11.35 ദശലക്ഷം താമസക്കാരിൽ 63.8 ശതമാനം പുരുഷന്മാരും 36.2 ശതമാനം സ്ത്രീകളുമാണ്. ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ കണക്കുകൾ പ്രകാരം ജിസിസി മേഖലയിലുടനീളമുള്ള, ജനസംഖ്യയുടെ ഏകദേശം 62.8 ശതമാനം പുരുഷന്മാരാണ് (ഏകദേശം 38.5 ദശലക്ഷം), സ്ത്രീകൾ 37.2 ശതമാനം (22.7 ദശലക്ഷം).
പുരുഷ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം സ്വന്തം നാട്ടിലെ കുടുംബങ്ങളെ പോറ്റാൻ ഈ രാജ്യങ്ങളിലേക്ക് കുടിയേറുന്ന നിർമ്മാണം. ഉൽപ്പാദനം പോലുള്ള കായികശേഷി ആവശ്യമായ മേഖലകളിലെ ( ബ്ലൂ കോളർ) തൊഴിലാളികളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates