മസ്കറ്റ്: ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള് പ്രഖ്യാപിച്ച് തൊഴില് മന്ത്രാലയം. റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവര്ത്തനം കൃത്യമായ നിയമവ്യവസ്ഥിതിയുടെ കീഴില് കൊണ്ടുവരിക, സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്തുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള് പൂര്ണ്ണമായി സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം.
ലൈസന്സിങ് നിബന്ധനകള്: വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകളും പങ്കാളികളും ഒമാന് പൗരന്മാര് ആയിരിക്കണം. ഉടമയോ പങ്കാളികളില് ഒരാളോ മുഴുവന് സമയവും സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഉണ്ടാകുകയും ലേബര് മന്ത്രാലയത്തിലും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റിയിലും രജിസ്റ്റര് ചെയ്യണം.
ഫിനാന്ഷ്യല് ഗ്യാരണ്ടി: റിക്രൂട്ട്മെന്റ് ഓഫീസുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി 5,000 ഒമാനി റിയാല് ലേബര് മന്ത്രാലയത്തിന്റെ അക്കൗണ്ടില് ഫിനാന്ഷ്യല് ഗ്യാരണ്ടിയായി കെട്ടിവെക്കണം. കരാര് ലംഘനങ്ങള് ഉണ്ടായാല് തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള് സംരക്ഷിക്കാന് ഈ തുക ഉപയോഗിക്കും.
റിക്രൂട്ട്മെന്റ് സേവനങ്ങള്ക്ക് മന്ത്രാലയം അംഗീകരിച്ച ഏകീകൃത കരാറുകള് നടപ്പിലാക്കും. റിക്രൂട്ട്മെന്റ് സേവനത്തിന് രണ്ട് വര്ഷത്തെ ഗ്യാരണ്ടി നല്കിയിട്ടുണ്ട്. തൊഴിലാളി ഒമാനിലെത്താനുള്ള പരമാവധി കാലാവധി 45 ദിവസമായി നിജപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളില് നിന്ന് റിക്രൂട്ട്മെന്റിനായി യാതൊരുവിധ തുകയും ഈടാക്കാന് പാടില്ല. തൊഴിലാളി സ്ഥാപനത്തിന്റെ ചുമതലയിലുള്ള കാലയളവില് താമസവും പരിചരണവും ഉറപ്പാക്കണം. ജോലിയില് പ്രവേശിക്കുന്നതിന് മുന്പ് തന്നെ ശമ്പളവും ജോലിയുടെ സ്വഭാവവും വ്യക്തമാക്കുന്ന ജോബ് ഓഫര് നല്കിയിരിക്കണം.
റിക്രൂട്ട്മെന്റ് ഓഫീസുകള്ക്കായി ഉചിതമായ കാര്യാലയവും തൊഴിലാളികള്ക്ക് അനുയോജ്യമായ താമസസ്ഥലവും മാനദണ്ഡങ്ങളും കര്ശനമായി പാലിച്ചിരിക്കണം. ബന്ധപ്പെട്ട കക്ഷികള് തമ്മിലുള്ള തര്ക്കങ്ങള് വേഗത്തില് പരിഹരിക്കുന്നതിനും സാമ്പത്തിക ബാധ്യതകള് കൃത്യമായി നടപ്പിലാക്കുന്നതിനും ലേബര് മന്ത്രാലയത്തിന് കീഴില് പ്രത്യേക സംവിധാനവും സമയപരിധിയും ഏര്പ്പെടുത്തിയിട്ടുണ്ട്.
റിക്രൂട്ട്മെന്റ് ഓഫീസുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലൈസന്സ് ഫീസ് 300 ഒമാനി റിയാലായി കുറച്ചിട്ടുണ്ട് (രണ്ട് വര്ഷത്തേക്ക്). താല്ക്കാലിക ലൈസന്സുകളുടെ എണ്ണം 25 ആയി ഉയര്ത്തി. ലൈസന്സ് ലഭിച്ച് ഒരു വര്ഷത്തിന് ശേഷം പുതിയ ബ്രാഞ്ചുകള് തുറക്കാനും അനുവാദമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates