സലാല: ഒമാനിലെ സലാലയില് നിന്ന് കോഴിക്കോടേക്ക് ഉള്പ്പെടെ നേരിട്ടുള്ള പുതിയ വിമാന സര്വീസുകള് പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് എയര്ലൈനായ സലാം എയര്. ശൈത്യകാല സര്വീസുകളുടെ ഭാഗമായാണ് സലാലയില് നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പ്രതിവാര സര്വീസുകള് ആരംഭിക്കുന്നത്.
ഈ മാസം 31 മുതല് എല്ലാ ശനിയാഴ്ചകളിലും സലാല- കോഴിക്കോട് റൂട്ടില് നേരിട്ടുള്ള വിമാന സര്വീസ് ഉണ്ടാകും. എല്ലാ ബുധനാഴ്ചകളിലും ജിദ്ദയിലേക്കും സലാം എയര് നേരിട്ട് സര്വീസ് നടത്തും. സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈല് ആപ്പ് വഴിയും ടിക്കറ്റുകള് ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര് അറിയിച്ചു.
അതേസമയം സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള്ക്കുള്ള നിയന്ത്രണങ്ങള് ഇന്ത്യന് വിമാന കമ്പനികള് നീട്ടി. എയര് ഇന്ത്യ, ഇന്ഡിഗോ, എയര് ഇന്ത്യ എക്സ്പ്രസ്, ആകാശ എയര് എന്നീ എയര്ലൈനുകളാണ് റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സര്വീസുകള് നിര്ത്തിവെച്ച തീരുമാനം നീട്ടിയത്.
റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്വീസുകളും എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും ഒക്ടോബര് 20 വരെ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സര്വീസുകള് ഇന്ഡിഗോ എയര്ലൈന് ഒക്ടോബര് 24 വരെ റദ്ദാക്കി. ആകാശ എയര് റിയാദിലേക്കുള്ള സര്വീസുകള് ഒക്ടോബര് 24 വരെയും ജിദ്ദയിലേക്കുള്ളവ ഒക്ടോബര് 21 വരെയും നിര്ത്തിവെച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates