

ദോഹ: റസിഡന്സ് പെര്മിറ്റ് നടപടികള് പൂര്ത്തിയാക്കിയതിന് ശേഷവും തൊഴിലാളികളുടെ പാസ്പോര്ട്ടുകള് തിരികെ നല്കാത്ത തൊഴിലുടമകള്ക്ക് മുന്നറിയിപ്പുമായി ഖത്തര്. നിയമലംഘകര്ക്കെതിരെ 25,000 ഖത്തര് റിയാല് വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില് സംസാരിക്കവെ, 'സെര്ച്ച് ആന്ഡ് ഫോളോ-അപ്പ് ഡിപ്പാര്ട്ട്മെന്റി'ലെ ഡിറ്റന്ഷന് വിഭാഗം മേധാവി മേജര് സൗദ് ഹമദ് അല് ബുറൈദി ഇക്കാര്യം വ്യക്തമാക്കിയത്. പാസ്പോര്ട്ടുകള് കൈവശം വെക്കുന്നതിന് ഇരുപക്ഷവും തമ്മില് പ്രത്യേക കരാറോ അല്ലെങ്കില് അതിന് അനുമതി നല്കുന്ന നിയമപരമായ രേഖയോ ഇല്ലെങ്കില്, തൊഴിലുടമകള് തൊഴിലാളികളുടെ പാസ്പോര്ട്ടുകള് തിരികെ നല്കാന് ബാധ്യസ്ഥരാണ്.
റെസിഡന്സി നടപടിക്രമങ്ങള് പൂര്ത്തിയായ ശേഷമോ പുതുക്കിയ ശേഷമോ തൊഴിലാളികള്ക്ക് പാസ്പോര്ട്ട് കൈമാറാതിരിക്കുന്നത് നിയമലംഘനമാണ്. തൊഴില് കരാറുകള് കൃത്യമായി രേഖപ്പെടുത്തണം. റെസിഡന്സ് പെര്മിറ്റ് നടപടികള് സമയപരിധിക്കുള്ളില് പൂര്ത്തിയാക്കണം. തൊഴിലാളികള്ക്ക് അനുയോജ്യമായ താമസസൗകര്യം നല്കുകയും പ്രവാസികളുടെ തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങള് പാലിക്കുകയും വേണം. പാസ്പോര്ട്ടുകള് നിയമവിരുദ്ധമായി പിടിച്ചുവെക്കപ്പെട്ടിട്ടുള്ള തൊഴിലാളികള്ക്ക് സഹായത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates