റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാമിൽ തിരക്ക് നിയന്ത്രിക്കാൻ സ്മാർട്ട് സംവിധാനം സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. സ്മാർട്ട് കൗണ്ടിങ് രീതിയിലൂടെ തീർത്ഥാടകരുടെ എണ്ണവും മറ്റ് വിവരങ്ങളും ജീവനക്കാർക്ക് തത്സമയം ലഭ്യമാക്കും. ഇതിലൂടെ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ വേണ്ട നടപടികൾ ജീവനക്കാർക്ക് സ്വീകരിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.
റമദാന്റെ മുന്നോടിയായി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് സംവിധാനം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനത്തിന്റെ പ്രവർത്തനം മുൻപ് തന്നെ ആരംഭിച്ചിരുന്നെങ്കിലും പൂർണ്ണതോതിൽ ഇപ്പോഴാണ് പ്രവർത്തന സജ്ജമായത്. മസ്ജിദുൽ ഹറാമിനകത്തെ ജനത്തിരക്ക് മുൻകൂട്ടി മനസ്സിലാക്കിയാൽ അത് അനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒരുക്കി തിരക്ക് നിയന്ത്രിക്കാൻ ജീവനക്കാർക്ക് കഴിയും.
ഹറാമിനകത്തെ ജനത്തിരക്ക് വർധിക്കുന്ന സാഹചര്യമുണ്ടായാൽ തീർത്ഥാകരെ വിവിധ നിലകളിലേക്കും ഇടനാഴികളിലേക്കും തിരിച്ചുവിടും. ഇതിലൂടെ ഇരു ഹറമുകളിലും എത്തുന്ന തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനവും സൗകര്യവും ഒരുക്കാൻ കഴിയും. റമദാൻ സമയത്ത് ഇത്തവണയും വലിയ തിരക്ക് ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates