ദുബൈ: അദ്ധ്യാപക നിയമനത്തിൽ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകരുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നടപടികളിൽ, പുതിയ യോഗ്യതകൾ,പെരുമാറ്റച്ചട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു.
പുതിയ അദ്ധ്യാപകരെ നിയമിക്കുമ്പോൾ കെഎച്ച്ഡിഎ അംഗീകരിച്ച യോഗ്യതകൾ ഉണ്ടാകണം. സ്കൂളിൽ നിലവിലുള്ള അദ്ധ്യാപകർക്ക് പുതുതായി പ്രഖ്യാപിച്ച യോഗ്യതകൾ നേടാൻ 2028 സെപ്റ്റംബർ വരെ സമയം നൽകിയിട്ടുണ്ട്. എന്നാൽ, ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപകർക്ക് 2029 ഏപ്രിൽ വരെ സമയം ലഭിക്കും.
ഒരു അക്കാദമിക് ടേമിന്റെയോ സെമസ്റ്ററിന്റെയോ ഇടയ്ക്ക് വച്ച് പിരിഞ്ഞുപോകുന്ന അദ്ധ്യാപകർ അവർ അവരുടെ നോട്ടീസ് കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും - ദുബൈയിലെ മറ്റൊരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപക ജോലിയിൽ ചേരുന്നതിന് 90 ദിവസം കാത്തിരിക്കണം. നോട്ടീസ് കാലാവധി പൂർത്തിയാക്കി ഒരു ടേമിന്റെയോ സെമസ്റ്ററിന്റെയോ അവസാനം പിരിഞ്ഞുപോകുന്ന അദ്ധ്യാപകർക്ക് ഈ നിയമം ബാധകമല്ല.
ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കെഎച്ച്ഡിഎ പുറത്തിറക്കിയ ഗൈഡിലാണ് പുതിയ നടപടികൾ വിശദീകരിച്ചിട്ടുള്ളത്. എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഇത് ബാധകമാണ്. പുതുതായി നിയമിക്കപ്പെടുന്നവർക്ക് ഈ മാനദണ്ഡങ്ങൾ നിർബന്ധമാണ്. അദ്ധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.
നിർബന്ധിത നിയമന അറിയിപ്പുകൾ: എല്ലാ അദ്ധ്യാപകർക്കും അപ്പോയിന്റ്മെന്റ് നോട്ടീസിന് സ്കൂളുകൾ കെഎച്ച്ഡിഎയിൽ അപേക്ഷിക്കണം. അദ്ധ്യാപകർ ദുബൈയിലെ മറ്റൊരു സ്വകാര്യ സ്കൂളിലേക്ക് മാറുകയാണെങ്കിൽ വീണ്ടും ഇത് ആവശ്യമാണ്.
പിരിഞ്ഞുപോകുന്ന ജീവനക്കാർക്കുള്ള എക്സിറ്റ് സർവേകൾ: സ്വകാര്യ സ്കൂളിൽ നിന്ന് പിരിഞ്ഞുപോകുന്ന എല്ലാ അദ്ധ്യാപകരും പുതിയ അപ്പോയിന്റ്മെന്റ് നോട്ടീസിന് മുമ്പ് കെഎച്ച്ഡിഎയുടെ എക്സിറ്റ് സർവേ പൂർത്തിയാക്കണം. ഇത് അദ്ധ്യാപക മേഖലയിലെ നിയമനം സംബന്ധിച്ച പ്രവണതകൾ മനസ്സിലാക്കാൻ കെഎച്ച്ഡിഎയെയും സ്കൂളുകളെയും സഹായിക്കും.
പെരുമാറ്റച്ചട്ടവും സുരക്ഷാ പരിശീലനവും: എല്ലാ അദ്ധ്യാപകരും ജോലി ആരംഭിക്കുന്നതിന് മുമ്പ് ഇൻഡക്ഷൻ പരിശീലനം പൂർത്തിയാക്കണം, സുരക്ഷ, യുഎഇ മൂല്യങ്ങൾ, പ്രൊഫഷണൽ ധാർമ്മികത എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്കൂളുകളിൽ അദ്ധ്യാപകർക്ക് പെരുമാറ്റച്ചട്ടം ഉണ്ടാകണം.
സ്കൂളുകൾ, എച്ച്ആർ പ്രൊഫഷണലുകൾ, ഗവേണിങ് ബോർഡുകൾ എന്നിവർക്കായി പുതിയ നടപടികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബ്രീഫിങ് സെഷനുകൾ നടത്തും. ഗൈഡ് ഇപ്പോൾ കെഎച്ച്ഡിഎ വെബ്‌സൈറ്റിൽ ലഭ്യമാണ്. https://web.khda.gov.ae/en/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates