ദുബൈ: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ വർധിപ്പിച്ച് യു എ ഇ. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്ന് വർഷത്തേക്ക് റദ്ദാക്കും. സസ്പെൻഷൻ കാലയളവിൽ വാഹനമോടിക്കുന്നവരുടെ ശിക്ഷയും വർധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഫെഡറൽ ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി ആണ് നിയമത്തിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. കോടതി, ലൈസൻസിംഗ് അതോറിറ്റിയോ ലൈസൻസ് സസ്‌പെൻഡ് ചെയ്ത ശേഷവും ഒരു വ്യക്തി വാഹമോടിച്ചാൽ ഗുരുതര കുറ്റകൃത്യമായി കണക്കാക്കും.
പ്രതിക്ക് മൂന്ന് മാസം വരെ തടവോ കുറഞ്ഞത് 10,000 ദിർഹം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടും വ്യക്തികൾ വാഹനങ്ങൾ ഓടിക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന ആണ് കഴിഞ്ഞ മാസങ്ങളിൽ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
വാഹനമോടിച്ച് മറ്റൊരാളെ അപകടപ്പെടുത്തുക, അശ്രദ്ധമായോ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന വിധത്തിലോ വാഹനമോടിക്കുക, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, തിരിച്ചറിയൽ രേഖകൾ നൽകാൻ വിസമ്മതിക്കുക, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയുന്ന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിന് അനുമതി നൽകിയതായും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates