ദുബൈ: വിദ്യാർഥികൾക്ക് സ്കൂളുകളിൽ വെച്ച് മരുന്നുകൾ നൽകുന്നത് സംബന്ധിച്ച് മാർഗനിർദേശവുമായി യു എ ഇ. പ്രമേഹം,രക്തസമ്മർദം,ആസ്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾക്ക് മരുന്ന് നൽകുന്നതിന് ആണ്പുതിയ മാർഗനിർദേശം അധികൃതർ പുറത്തിറക്കിയത്. വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം ഒരുക്കുവാനും വേണ്ടിയാണ് പുതിയ നീക്കം.
കുട്ടികളുടെ ആരോഗ്യത്തെപ്പറ്റിയുള്ള വിവരം നൽകാൻ മാതാപിതാക്കളോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്ന് കഴിക്കേണ്ട കുട്ടികളുടെ രോഗം സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് അടക്കം സ്കൂളുകളിൽ നൽകണം. സ്കൂൾ സമയങ്ങളിൽ കുട്ടികളെ പ്രത്യേകം നീരീക്ഷിക്കാൻ ഇതിലൂടെ കഴിയും.
വിട്ടുമാറാത്ത അസുഖങ്ങൾ കുട്ടിയ്ക്ക് ഉണ്ടെങ്കിൽ അത് മറച്ചു വെക്കരുത്. സ്കൂളിലെ അഡ്മിനിസ്ട്രേഷനെയും നഴ്സിനെയും രോഗ വിവരങ്ങൾ അറിയിക്കണം. മാതാപിതാക്കൾ രേഖാമൂലമുള്ള മുൻകൂർ അനുമതി നൽകിയാൽ മാത്രമേ സ്കൂൾ സമയങ്ങളിൽ മരുന്നുകൾ നൽകുകയുള്ളൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.
ആന്റിബയോട്ടിക്ക്, ഇൻസുലിൻ തുടങ്ങിയവ നൽകേണ്ട വിദ്യാർഥികൾ ഉണ്ടെങ്കിൽ ആ വിവരം മാതാപിതാക്കൾ സ്കൂളിനെ അറിയിക്കണം. യഥാർത്ഥ പായ്ക്കറ്റിലുള്ള മരുന്നുകളും ഡോക്ടറുടെ കുറിപ്പും സമ്മതപത്രവും ഉൾപ്പെടെ ക്ലിനിക്കിൽ ഏൽപിക്കണം.
മരുന്നുകൾ ക്ലിനിക്കിൽ സുരക്ഷിതമായി സൂക്ഷിച്ച് കൃത്യസമയത്ത് നൽകും. കുട്ടികളുടെ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ മാതാപിതാക്കൾ പൂർണമായും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates