അബുദാബി: യുഎഇയിലെ സ്കൂൾ കഫറ്റീരിയകളിൽ അനാരോഗ്യകരമായ ഭക്ഷണങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും വിദ്യാഭ്യാസ മന്ത്രാലയം രാജ്യവ്യാപകമായി നിരോധനം പ്രഖ്യാപിച്ചു.
വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
എമറാത്ത് അൽ യൂമിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
പുതിയ നിയമ പ്രകാരം, സ്‌കൂളുകളിൽ ഇനി മുതൽ മോർട്ടഡെല്ല ഉൾപ്പടെയുള്ള സംസ്കരിച്ച മാംസം - സോസേജുകൾ ഇൻസ്റ്റന്റ് നൂഡിൽസ്, സോഫ്റ്റ് ഡ്രിങ്ക്, ചോക്ലേറ്റ്, പായ്ക്ക് ചെയ്ത ബിസ്‌ക്കറ്റുകൾ പോലുള്ള പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, ചിപ്‌സ്, കേക്കുകൾ, കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള പേസ്ട്രികൾ, ഫ്ലേവേഡ് നട്ട്‌സ് തുടങ്ങിയ ഇനങ്ങൾ വിൽക്കാനോ വിദ്യാർത്ഥികൾക്ക് കൊണ്ടുവരാനോ അനുവാദമില്ല.
കടുത്ത അലർജിയുള്ള കുട്ടികൾക്ക് അപകടകരമാകാൻ സാധ്യതയുള്ളതിനാൽ നിലക്കടലയും നിലക്കടല അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളും നിരോധനത്തിൽ ഉൾപ്പെടുന്നു
പൊണ്ണത്തടി, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് ദീർഘകാല അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന അന്താരാഷ്ട്ര ആരോഗ്യ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മോശം ഭക്ഷണക്രമം വിദ്യാർത്ഥികളുടെ ഏകാഗ്രതയെയും അക്കാദമിക് പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
"ആരോഗ്യകരമായ ശീലങ്ങളെ പിന്തുണയ്ക്കുന്ന അന്തരീക്ഷമായിരിക്കണം സ്കൂളുകൾ," മന്ത്രാലയം ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടു. ശരിയായ പോഷകാഹാരം രോഗത്തിനെതിരായ പ്രതിരോധത്തിന്റെ ആദ്യ പടിയാണെന്നും കുട്ടികളെ ശ്രദ്ധ കേന്ദ്രീകരിക്കാനും മികവ് പുലർത്താനും പ്രാപ്തരാക്കുന്നതിൽ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നുവെന്നും വിശദീകരിച്ചു.
രക്ഷിതാക്കൾ വീട്ടിൽ സമീകൃതാഹാരം നൽകണമെന്നും, കൊഴുപ്പ് കൂടിയതോ പഞ്ചസാര കൂടിയതോ ആയ ഭക്ഷണങ്ങൾ നൽകി കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണമെന്നും പറഞ്ഞു.
ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി മന്ത്രാലയം വിശേഷിപ്പിച്ച പ്രഭാതഭക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദ്ദേശിച്ചു, ഇത് വിദ്യാർത്ഥികൾക്ക് ഉന്മേഷം നൽകുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ഇടവേളകളിൽ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രലോഭനം കുറയ്ക്കുകയും ചെയ്യും.
ചെറുപ്പം മുതലേ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നത് സ്കൂളുകളും കുടുംബങ്ങളും ഒരു പോലെ നിർവഹിക്കേണ്ട ഉത്തരവാദിത്തമാണെന്നും മികച്ച അക്കാദമിക് നേട്ടത്തിനും ആരോഗ്യവും പ്രാപ്തിയുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതിലും അത് പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates