ന്യൂഡൽഹി: ബിജെപിയുടെ ദളിത് വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട എംപി സാവിത്രി ബായ് ഫുലെ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിൽ എഐസിസി ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് സാവിത്രി ബായ് ഫുലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ബറെയ്‍ച് മണ്ഡലത്തിലെ ബിജെപി എംപിയാണ് സാവിത്രി ബായ് ഫുലെ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവരും അംഗത്വം സ്വീകരിക്കുമ്പോൾ സാവിത്രി ബായിക്കൊപ്പമുണ്ടായിരുന്നു.
നേരത്തെ ഉത്തർപ്രദേശിലെ എസ്‍പി നേതാവ് രാകേഷ് സച്ചനും കോൺഗ്രസിൽ ചേർന്നിരുന്നു. എസ്‍പി- ബിഎസ്‍പി സഖ്യം കോൺഗ്രസിനെക്കൂടാതെ മത്സരിക്കുന്ന ഉത്തർപ്രദേശിൽ എസ്പി, ബിജെപി പാർട്ടികളിൽ നിന്ന് ഓരോ നേതാക്കളെ സ്വന്തം ക്യാമ്പിലെത്തിക്കാനായത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
യുപിയിൽ ദളിത്, യാദവ്, ഒബിസി വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത്. ബിജെപി ദളിത് വിരുദ്ധരുടെയും സവർണരുടെയും പാർട്ടിയാണെന്ന് ആരോപിച്ച് പാർട്ടി വിട്ട സാവിത്രി ബായ് ഫുലെയെ ഒപ്പം നിർത്തുന്നത് ദളിത് വോട്ടുകളെ ഒപ്പമെത്തിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates