ന്യൂഡല്ഹി: വോട്ടെണ്ണലിന് തലേന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ യോഗം വിളിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ചടുലനീക്കം. ഒന്നാം യുപിഎ സര്ക്കാരിന്റെ രൂപീകരണത്തില് നിര്ണായക ചരടുവലി നടത്തിയ സോണിയ ഗാന്ധിയുടെ പുതിയ നീക്കത്തെ രാഷ്ട്രീയ കേന്ദ്രങ്ങള് ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ബിജെപി വിരുദ്ധ മുന്നണിക്ക് രൂപം നല്കി കേന്ദ്രത്തില് ഭരണംപിടിക്കാനുളള തന്ത്രപരമായ നീക്കമാണ് സോണിയ ഗാന്ധിയുടേത് എന്ന തരത്തില് രാഷ്ട്രീയ കേന്ദ്രങ്ങളില് അടക്കംപറച്ചിലുകളും തകൃതിയാണ്.
മെയ് 22 ന് മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ യോഗമാണ് സോണിയ ഗാന്ധി വിളിച്ചിരിക്കുന്നത്. ജനറല് സെക്രട്ടറിമാരെയും പാര്ട്ടിയുടെ നിര്ണായക ചുമതലകള് വഹിക്കുന്നവരെയുമാണ് യോഗത്തിനായി ക്ഷണിച്ചിരിക്കുന്നത്. വോട്ടെണ്ണല് ദിവസമായ മെയ് 23ന് യുപിഎ സഖ്യകക്ഷികളെയും മറ്റു പാര്ട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുളള യോഗം സോണിയ ഗാന്ധി വിളിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ തയ്യാറെടുപ്പുകള് നടത്തുന്നതിന്റെ ഭാഗമായാണ് മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെ യോഗം തലേന്ന് നടത്താന് സോണിയ തീരുമാനിച്ചത്. കേന്ദ്രത്തില് ബിജെപി അധികാരത്തില് വരുന്നത് തടയുകയാണ് ഈ നീക്കങ്ങള്ക്ക് പിന്നിലുളള മുഖ്യലക്ഷ്യം.
ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന്റെ സാധ്യതകള് കോണ്ഗ്രസ് നേതാക്കളുടെ യോഗത്തില് വിലയിരുത്തും. പ്രതിപക്ഷ പാര്ട്ടികള്ക്ക് ലഭിക്കാന് സാധ്യതയുളള സീറ്റുകള് ഉള്പ്പെടെയുളള വിഷയങ്ങള് യോഗത്തില് കടന്നുവരും. എന്ഡിഎ വിരുദ്ധ പ്രതിപക്ഷ പാര്ട്ടികളെ ഒന്നടങ്കം യുപിഎ മുന്നണിയുടെ ഭാഗമാക്കുന്നതിന്റെ സാധ്യതകളും യോഗം പരിശോധിക്കുമെന്നും കോണ്ഗ്രസ് വൃത്തങ്ങള് പറയുന്നു.
യോഗത്തിന് ശേഷം മുതിര്ന്ന നേതാക്കള്ക്ക് ചുമതലകള് കൈമാറും. ഓരോരുത്തരുടെയും കഴിവ് കണക്കാക്കിയാണ് ചുമതലകള് കൈമാറുക. ഇതിനോടകം തന്നെ നാലുനേതാക്കളുടെ ഒരു സംഘത്തിന് രൂപം നല്കിയിട്ടുണ്ട്. യുപിഎയുടെ ഭാഗമാകാന് സാധ്യതയുളള കക്ഷികളെ സമീപിച്ച് മുന്നണിയുടെ വിജയം ഉറപ്പാക്കുകയാണ് ഇവരുടെ കര്ത്തവ്യം.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ എന്സിപിയുടെ ശരദ് പവാര്, ഡിഎംകെയുടെ എം കെ സ്റ്റാലിന് ഉള്പ്പെടെ മതേതര പാര്ട്ടികളുടെ നേതാക്കളെ യോഗത്തിനായി സോണിയ ഗാന്ധി ക്ഷണിച്ചതായി റിപ്പോര്ട്ടുകളുണ്ട്. കോണ്ഗ്രസ് വിരുദ്ധ,ബിജെപി വിരുദ്ധ മുന്നണിക്ക് രൂപം നല്കാന് നേതൃപരമായ പങ്കുവഹിക്കുന്ന ടിആര്എസിന്റെ കെ ചന്ദ്രശേഖര് റാവുവിനെയും വൈഎസ്ആര് കോണ്ഗ്രസിന്റെ ജഗ് മോഹന് റെഡ്ഡിയെയും സോണിയ യോഗത്തിനായി ക്ഷണിച്ചതായും കോണ്ഗ്രസ് വൃത്തങ്ങള് സൂചന നല്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates