ന്യൂഡല്‍ഹി: രാജ്യത്തെ 14 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചികിത്സയിലുളള കോവിഡ് രോഗികളുടെ എണ്ണം 5000ല്‍ താഴെയെന്ന് കേന്ദ്രസര്‍ക്കാര്‍. മറ്റ് 18 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചികിത്സയിലുളളവര്‍ 5000നും 50000നും ഇടയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിദിനം അഞ്ചു സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണസംഖ്യ. കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് പോസിറ്റീവിറ്റി നിരക്ക് താഴ്ന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. പരിശോധനകളുടെ എണ്ണം ഉയര്‍ന്നതാണ് ഇതിന് കാരണം. നിലവില്‍ 8.4 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്. രാജ്യത്ത് ഓക്‌സിജന്റെ ദൗര്‍ബല്യം നേരിടുന്നില്ല. 6900 മെട്രിക് ടണിന് മുകളില്‍ ഓക്‌സിജന്‍ നിര്‍മ്മിക്കാനുളള ശേഷി രാജ്യത്തിനുണ്ട്. ഒാക്്‌സിജന്റെ ലഭ്യത ഉറപ്പുവരുത്താന്‍ മെച്ചപ്പെട്ട വസ്തുവിവര പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കാഡില്ലയും ഭാരത് ബയോടെകും വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ നടപടികളുമായി കമ്പനികള്‍ മുന്നോട്ടുപോകുകയാണെന്നും ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ ബി ത്രീ ട്രയലാണ് പൂര്‍ത്തിയായത്. മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കും. പതിനാല് കേന്ദ്രങ്ങളിലായി 1500 രോഗികളിലാണ് പരീക്ഷിക്കുക. ഇതിന് ആവശ്യമായ അംഗീകാരം നേടിയെടുക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
കഴിഞ്ഞ നൂറ് വര്‍ഷമായി പ്ലാസ്മ ചികിത്സ വിവിധ രൂപങ്ങളില്‍ നടത്തുന്നുണ്ട്. വിവിധ വൈറസ് അണുബാധകളെ നേരിടുന്നതിനാണ് ഇത് നടത്തുന്നത്. കോവിഡ് ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് ഫലപ്രദമാണോ അല്ലയോ എന്നതിനെ സംബന്ധിച്ച് പഠനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates