ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 17 വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ ബിപിന്‍ചന്ദ് ജോഷി, പ്രദീപ് മോധിയ എന്നിവര്‍ക്കാണ് കോടതി ആശ്വാസം നല്‍കിയത്. ഇരുവരുടെയും ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 2017 മേയില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നല്കിയ അപ്പീലുകള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഒക്ടോബര്‍ 28നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജഡ്ജിമാരായ എംഎം സുന്ദരേശ്, പ്രസന്ന വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അപ്പീലുകളില്‍ വസ്തുതാപരവും നിയമപരവുമായ നിരവധി വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി കൂടുതല്‍ പരിഗണന ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിക്കുമ്പോള്‍ പ്രതികളിലൊരാളായ ജോഷിയുടെ ഗുരുതര ശാരീരിക വൈകല്യവും കോടതി പരിഗണിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തിന്റെ ഗൗരവവും വിചാരണക്കോടതിയും ഹൈക്കോടതിയും ഒരുപോലെ കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. എന്നാല്‍, പ്രതികളുടെ അഭിഭാഷകന് മറ്റൊരു വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. പ്രതികളിലൊരാളുടെ പേര് എഫ്ഐആറില്‍ ഉണ്ടായിരുന്നില്ലെന്നും സംഭവത്തിന് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാളെ കേസില്‍ പ്രതിചേര്‍ത്തതെന്നും അഭിഭാഷകന് പറഞ്ഞു.
ബലാത്സംഗവുമായി ബന്ധപ്പെട്ട് അതിജീവിത ആദ്യം നല്കിയ പൊലീസ് മൊഴിയിലും വൈദ്യപരിശോധനയ്ക്കിടെ ഡോക്ടര്‍ക്ക് നല്കിയ മൊഴിയിലും ഈ രണ്ട് പ്രതികളുടെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തില്‍ ഇവര്‍ നേരിട്ട് പങ്കെടുത്തതായി തെളിയിക്കുന്ന നടപടികളൊന്നും ആരോപിക്കപ്പെട്ടിട്ടില്ലെന്നും സംഭവസമയത്ത് ആള്‍ക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നത് മാത്രമാണ് ഇവര്‍ക്കെതിരായ തെളിവെന്നും അഭിഭാഷകന് വാദിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
നേരത്തേ ശിക്ഷാ ഇളവിന്റെ ആനുകൂല്യത്തില്‍ ജയില്‍മോചിതരായ 11 പ്രതികളില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ ജാമ്യം ലഭിച്ച രണ്ട് പേരും. എന്നാല്‍, 2024 ജനുവരിയില്‍ ഈ 11 പേരുടെയും മോചനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. മോചിതരായ പ്രതികളോട് രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലില്‍ തിരിച്ചെത്താനും നിര്‍ദേശിച്ചു. ഇതനുസരിച്ച് 11 പേരും ജയിലില്‍ തിരിച്ചെത്തിയിരുന്നു. ഇവരുടെ മോചനം ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു നല്കിയ ഹര്‍ജി സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവസമയത്ത് 21 വയസ്സുകാരിയായിരുന്ന ബില്‍ക്കിസ് ബാനു, അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെയും അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദാക്കിയ സുപ്രീംകോടതിയുടെ 2024ലെ ഉത്തരവിന് ശേഷമുള്ള നടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ ജാമ്യവിധി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates