ന്യൂഡല്‍ഹി: ആഗോളതലത്തിൽ തമിഴ് പൈതൃകത്തിന്റെ പ്രൗഢിയുയർത്തി, പതിനൊന്നാം നൂറ്റാണ്ടിലെ പ്രസിദ്ധമായ ആനൈമംഗലം ചോള ചെമ്പുതകിടുകള്‍ നെതർലാൻഡ്‌സ് ഇന്ത്യയ്ക്ക് കൈമാറി. ഹേഗിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും പങ്കെടുത്തു. വിദേശത്തായിരുന്ന ഇന്ത്യയുടെ സാംസ്കാരിക പൈതൃകം തിരികെ കൊണ്ടുവരാൻ 2012 മുതൽ രാജ്യം നടത്തിവന്ന 14 വർഷത്തെ നീണ്ട നയതന്ത്ര ശ്രമങ്ങളുടെ വിജയമാണിത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും ചോള സാമ്രാജ്യത്തിന്റെ ചരിത്രസ്മരണകൾ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുകയാണെന്നും ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
രാജരാജ ചോളന്റെ ചരിത്രമുദ്രകൾ
യൂറോപ്പിൽ നൂറ്റാണ്ടുകളായി 'ലൈഡൻ പ്ലേറ്റുകൾ' (Leiden Plates) എന്നറിയപ്പെട്ടിരുന്ന ഈ പുരാവസ്തുക്കൾ, തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരി രാജരാജ ചോളൻ ഒന്നാമന്റെ കാലത്തുള്ളതാണ്. ഏകദേശം 30 കിലോഗ്രാം ഭാരമുള്ള 21 വലിയ ചെമ്പുതകിടുകളാണ് ഈ ശേഖരത്തിലുള്ളത്. ചോള രാജവംശത്തിന്റെ രാജകീയ മുദ്ര പതിപ്പിച്ച വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. വെറുമൊരു ഭരണരേഖ എന്നതിനപ്പുറം, ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ചോള സാമ്രാജ്യം പുലർത്തിയിരുന്ന വാണിജ്യ, നയതന്ത്ര, മതപരമായ ബന്ധങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചെമ്പുതകിടുകൾ.
ചെമ്പുതകിടുകളുടെ ഒരു ഭാഗം സംസ്‌കൃതത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ചോള രാജവംശത്തിന്റെ വംശാവലിയും പാരമ്പര്യവും വിവരിക്കുന്നു. തമിഴിലുള്ള മറുഭാഗം മധ്യകാലത്തെ മതസൗഹാർദ്ദത്തിന്റെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും ഉദാത്തമായ മാതൃക വെളിപ്പെടുത്തുന്നതാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ശ്രീവിജയ രാജ്യം നാഗപട്ടണത്ത് നിർമ്മിച്ച ബുദ്ധവിഹാരത്തിന്, ആനൈമംഗലത്തിന് സമീപമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള നികുതി വരുമാനം രാജരാജ ചോളൻ വിട്ടുനൽകിയ വിവരമാണ് ഇതിലുള്ളത്. ശൈവ വിശ്വാസിയായ ഒരു ചക്രവർത്തി വിദേശ ഭരണാധികാരി സ്ഥാപിച്ച ബുദ്ധമത കേന്ദ്രത്തിന് പിന്തുണ നൽകിയത് ചോള സാമ്രാജ്യത്തിന്റെ സാംസ്കാരികമായ ഉദാരതയെ കാണിക്കുന്നു.
ഭരണാധികാരത്തിന്റെ രണ്ടു തലമുറകളുടെ സ്പർശവും ഇതിലുണ്ട്. രാജരാജ ചോളൻ വാമൊഴിയായി നൽകിയ ഈ ഉത്തരവ് ആദ്യം പനയോലകളിലാണ് രേഖപ്പെടുത്തിയത്. എന്നാൽ പിൽക്കാലത്ത് അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ രാജേന്ദ്ര ചോളൻ ഒന്നാമനാണ് ഇത് എന്നെന്നേക്കുമായി നിലനിൽക്കാൻ ചെമ്പ് തകിടുകളിൽ കൊത്തിവെക്കാൻ ഉത്തരവിട്ടത്. ഇതിലെ വെങ്കല മുദ്ര രാജേന്ദ്ര ചോളന്റേതാണ്.
1700 മുതല്‍ നെതര്‍ലന്‍ഡ്‌സില്‍
ഏകദേശം 1700-ൽ ഡച്ചുകാർ നാഗപട്ടണത്തിന്റെ ഭരണം കൈയാളിയിരുന്ന കാലത്താണ് ഈ ചെമ്പുതകിടുകൾ നെതർലാൻഡ്‌സിൽ എത്തിയതെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. അക്കാലത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന നാഗപട്ടണത്തെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഫ്ലോറെന്റിയസ് കാമ്പർ വഴി ഇവ യൂറോപ്പിലേക്ക് കടത്തപ്പെട്ടത്. പിന്നീട് ഇവ ലൈഡൻ സർവ്വകലാശാലയുടെ ശേഖരത്തിൽ എത്തുകയും മൂന്ന് നൂറ്റാണ്ടിലേറെക്കാലം അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്തു.
ഗവേഷകർക്ക് മാത്രമായി ലഭ്യമായിരുന്ന ഈ ചരിത്രരേഖകൾ തമിഴ് ജനതയുടെ സാംസ്കാരിക സ്മരണകളിൽ വലിയൊരു സ്ഥാനമാണ് അലങ്കരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ വിഖ്യാത ചരിത്ര നോവലായ 'പൊന്നിയിൻ സെൽവനിൽ' ഈ ചെമ്പുതകിടുകളെക്കുറിച്ച് വ്യക്തമായി പരാമർശിക്കുന്നുണ്ട്.
ഈ ചരിത്രരേഖകൾ തിരികെ ലഭിക്കാനായി ഇന്ത്യ 2012 മുതൽ ഔദ്യോഗികമായി ശ്രമം തുടങ്ങിയിരുന്നു. 2023-ൽ യുനെസ്കോയുടെ (UNESCO) സാംസ്കാരിക സ്വത്തുക്കൾ തിരികെ നൽകുന്നതിനുള്ള അന്തർ സർക്കാർ സമിതിക്ക് മുന്നിൽ ഇന്ത്യ ഈ വിഷയം ശക്തമായി ഉന്നയിച്ചതോടെയാണ് വീണ്ടെടുക്കൽ പ്രക്രിയയ്ക്ക് വേഗത കൂടിയത്. യുനെസ്കോ ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കുകയും നെതർലാൻഡ്‌സുമായി ഉഭയകക്ഷി ചർച്ചകൾക്ക് നിർദ്ദേശിക്കുകയും ചെയ്തതോടെയാണ് ഈ പൈതൃക സമ്പത്ത് ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ വഴിതുറന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates