തെലങ്കാന: മാർച്ച് 12 നും ഏപ്രിൽ 3 നുമിടയിൽ നിയമവിരുദ്ധ എൽപിജി ഉപയോഗം തടയാനായി ഹൈദരാബാദ് തെലങ്കാന സിവിൽ സപ്ലൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 3,699 ഗാർഹിക എൽപിജി സിലിണ്ടറുകളും 70 ചെറിയ സിലിണ്ടറുകളും. 1.1 കോടി രൂപ വിലമതിക്കുന്ന സിലിണ്ടറുകളാണ് സപ്ലൈസ് വകുപ്പ് കണ്ടെടുത്തത്. കരിഞ്ചന്തയിലും ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ നിയമവിരുദ്ധ വാണിജ്യ ഉപയോഗത്തിലും ഏർപ്പെട്ടവർക്കെതിരെ സെക്ഷൻ 6 എ പ്രകാരം 1,275 കേസുകളും 216 എഫ്‌ഐആറുകളും ഇതിനകം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചിട്ട സാഹചര്യത്തിൽ ഉണ്ടായ ഇന്ധന, വാതക പ്രതിസന്ധിയാണ് കരിഞ്ചന്തയിലെ വിൽപ്പന വർധിപ്പിച്ചത്. നിയമവിരുദ്ധമായ വിൽപ്പന തടയാനും പ്രകൃതിവാതക വിതരണം ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. അതെ സമയം ഗ്യാസ് ബുക്കിംഗ് സ്റ്റേഷനുകളിൽ തിരക്കുവർധിച്ചതായും സപ്ലൈസ് വകുപ്പ് കണ്ടെത്തി. പരിഭ്രാന്തികൊണ്ടുള്ള ഇത്തരം നടപടികൾ ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് അറിയിപ്പ് നൽകുകയും ചെയ്തു.
ഇന്ധനക്ഷാമം ഉണ്ടാകുമെന്ന കിംവദന്തികൾ സംസ്ഥാനത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും അത് അസാധാരണമായ വിൽപ്പന വർധനക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്നും സർക്കാർ അറിയിച്ചു.
മാർച്ച് 12 നു ശേഷം ആകെ 12,000 പരിശോധനകൾ നടത്തിയതായും 15,000 ൽ അധികം എൽപിജികൾ പിടിച്ചെടുത്തതായും സർക്കാർ റിപ്പോർട്ടു ചെയ്തു. എൽപിജി ലഭ്യത ആശങ്കയിലാണെങ്കിലും ഇതുവരെയും ഡ്രൈ ഔട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി (മാർക്കറ്റിംഗ് & ഓയിൽ റിഫൈനറി) സുജാത ശർമ്മ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മാത്രം എൽപിജി സിലിണ്ടറുകൾക്കായി 70,000 പാനിക് ബുക്കിംഗുകൾ നടന്നതായും സുജാത ശർമ്മ പറഞ്ഞു. 94 ശതമാനം ഗാർഹിക എൽപിജി ബുക്കിങ്ങും ഓൺലൈൻ ആയാണ് നടന്നതെന്നും അത് തുടരണമെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അവർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates