ന്യൂഡൽഹി: ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ഇന്ന് സ്ഥാനമേൽക്കും. രാഷ്ട്രപതി ദ്രൗപദി മുർമു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേൽക്കുക. ഡി വൈ ചന്ദ്രചൂഡ് രാജ്യത്തെ പരമോന്നത ന്യായാധിപന്റെ കസേരയിൽ രണ്ട് വർഷമുണ്ടാകും.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബർ 24ന് ആയിരിക്കും വിരമിക്കുക. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ആണ്. ഇന്ത്യയുടെ 16ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു വൈ വി ചന്ദ്രചൂഡ്.
1959 നവംബർ 11നാണ് ഡി വൈ ചന്ദ്രചൂഡിന്റെ ജനനം. മുംബൈയിലെ കോൺവെന്റ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഡൽഹി സെന്റ് സ്റ്റീഫൻസ് പഠനത്തിനും ശേഷം ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദവും അമേരിക്കയിലെ ഹാർവഡ് ലോ സ്കൂളിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ജുഡീഷ്യൽ സയൻസിൽ ഡോക്ടറേറ്റും നേടി.
1998ൽ 39ാം വയസ്സിലാണ് മുതിർന്ന അഭിഭാഷകനായത്. എ ബി വാജ്പേയി സർക്കാറിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചു. 2000 മാർച്ച് 29ന് ബോംബെ ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയായി. 2013 ഒക്ടോബർ 31ന് അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates