ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തില് പങ്കെടുത്ത നടന് ഇമ്രാന് ഖാനോട് നാട് വിടാന് ആവശ്യപ്പെട്ടു. മുംബൈയില് സിജെപി നടത്തിയ പ്രതിഷേധത്തില് പങ്കെടുത്ത് ദിവസങ്ങള്ക്ക് ശേഷമാണ് നടന് അമീര്ഖാന്റെ അനന്തരവന് കൂടിയായ ഇമ്രാന് ഖാനോട് ഇന്ത്യ വിടാന് മുംബൈ പൊലീസ് ആവശ്യപ്പെട്ടത്.
28നകം രാജ്യം വിടണമെന്നാണ് ഇമ്രാന് ഖാന് നല്കിയ നോട്ടീസില് പറയുന്നത്. ഇമ്രാന് ഖാന് അമേരിക്കന് പൗരത്വം ഉണ്ടെന്നും പൂര്ണമായ ഇന്ത്യന് പൗരത്വത്തിന് പകരമായി ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ കാര്ഡാണ് കൈവശമുള്ളതെന്നുമാണ് ആരോപണം. ഒക്ടോബര് 10ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിയില് സിജെപി നടത്തിയ പ്രതിഷേധത്തിലാണ് ഇമ്രാന് ഖാന് പങ്കെടുത്തത്.
ഇമ്രാന് ഖാനോടൊപ്പം പങ്കാളിയും നടിയുമായ ലേഖ വാഷിങ്ടണും ബന്ധു സെയ്ന് മരിയ ഖാനും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത മൂവരെയും പൊലീസ് പിന്നീട് വിട്ടയച്ചിരുന്നു. ഇമിഗ്രേഷന് ആക്ടിലെ വ്യവസ്ഥ അനുസരിച്ചാണ് ഇമ്രാന് ഖാനെതിരെ നടപടി സ്വീകരിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇന്ത്യന് പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തില് പങ്കെടുത്തതുമായി ബന്ധപ്പെട്ട ഇമിഗ്രേഷന് ആക്ടിലെ വ്യവസ്ഥയാണ് നടപടിക്ക് ആധാരമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates