Air India Ahmedabad crash 
India

'കൺട്രോൾ കോളത്തിൽ നിന്നും കൈവിടാതെ ആ പൈലറ്റ്'; അഹമ്മദാബാദ് വിമാനാപകടത്തിലെ ഞെട്ടിക്കുന്ന ദൃക്‌സാക്ഷി വിവരണം പുറത്ത്

മരണത്തിലേക്ക് വീഴുമ്പോഴും വിമാനത്തെ രക്ഷിക്കാൻ ക്യാപ്റ്റൻ സുമീത് സബർവാൾ പോരാട്ടം നടത്തിയെന്ന് സൂചന. മോർച്ചറിക്കുള്ളിൽ പൈലറ്റിന്റെ മൃതദേഹം ഇരിക്കുന്ന അവസ്ഥയിൽ വിമാനത്തിന്റെ കൺട്രോൾ കോളം മുറുകെപ്പിടിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുവിന്റെ വെളിപ്പെടുത്തൽ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇരുന്നൂറ്റിയറുപത് പേരുടെ ദരുണ മരണത്തിന് കാരണമായ എയർ ഇന്ത്യ AI-171 വിമാനാപകടത്തിൽ, അവസാന നിമിഷം വരെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ പൈലറ്റ് പോരാട്ടം നടത്തിയെന്ന വാദങ്ങൾക്ക് കരുത്തുപകരുന്ന നിർണ്ണായക ദൃക്‌സാക്ഷി വിവരങ്ങൾ പുറത്ത്. ദുരന്തത്തിൽ മരിച്ചവരുടെ ഭൗതികശരീരങ്ങൾ സൂക്ഷിച്ചിരുന്ന അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റൽ മോർച്ചറിക്കുള്ളിൽ പ്രവേശിച്ച റോമിൻ വോഹ്റ എന്ന യുവാവാണ് താൻ അവിടെ കണ്ട അതിഭീകരമായ കാഴ്ചകൾ അന്താരാഷ്ട്ര മാധ്യമമായ ഡെയ്‌ലി മെയിലിനോട് തുറന്നുപറഞ്ഞത്. അപകടത്തിൽ മരിച്ച തന്റെ അമ്മായി, സഹോദരൻ, മൂന്ന് വയസ്സുകാരിയായ അനന്തരവൾ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ വേണ്ടിയാണ് കോവിഡ് കാലത്ത് ലാബ് അസിസ്റ്റന്റായി ജോലി ചെയ്ത മുൻപരിചയം വെച്ച് ഇയാൾ മോർച്ചറിക്കുള്ളിൽ കടന്നത്. അവിടെ തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കാഴ്ച്ചകൾക്കൊപ്പം വിമാനത്തിന്റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മൃതദേഹവും കാണാനിടയായെന്ന് റോമിൻ വെളിപ്പെടുത്തി.

മോർച്ചറിയുടെ ഒരു വശത്ത് പ്രത്യേകമായി മാറ്റിവെച്ച നിലയിലായിരുന്നു വിമാനത്തിന്റെ ചീഫ് പൈലറ്റായ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മൃതദേഹം ഉണ്ടായിരുന്നത്. മരിക്കുമ്പോൾ അദ്ദേഹം കോക്പിറ്റിൽ ഇരുന്നിരുന്ന അതേ അവസ്ഥയിൽ തന്നെയായിരുന്നു ശരീരം തണുത്തുറഞ്ഞു പോയിരുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് പൊള്ളലേറ്റിരുന്നെങ്കിലും മുൻഭാഗത്തിനും മുഖത്തിനും യാതൊരുവിധ കേടുപാടുകളും സംഭവിച്ചിരുന്നില്ല. ചുമലിൽ നാല് സ്വർണ്ണ വരകളുള്ള പൈലറ്റിന്റെ ഔദ്യോഗിക വെള്ള ഷർട്ടും കറുത്ത ടൈയും പാന്റും ഷൂസും അടങ്ങുന്ന യൂണിഫോം പൂർണ്ണമായും കേടുകൂടാതെ ശരീരത്തിൽ ഉണ്ടായിരുന്നു.

എന്നാൽ തന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് മറ്റൊന്നാണെന്ന് റോമിൻ പറയുന്നു. വിമാനം തകർന്നുവീഴുമ്പോഴും അതിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ക്യാപ്റ്റൻ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവായി, വിമാനത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഇരട്ട ഹാൻഡിലുകളുള്ള യോക്ക് എന്നു വിളിക്കുന്ന കൺട്രോൾ കോളം ഇരു കൈകളും ഉപയോഗിച്ച് ബലമായി മുറുകെപ്പിടിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും അദ്ദേഹത്തെ പുറത്തെടുക്കുമ്പോൾ കോക്പിറ്റിൽ നിന്നും പൊട്ടിപ്പോന്നതായിരിക്കാം ഈ യന്ത്രമെന്നാണ് കരുതുന്നത്. മോർച്ചറിയിലുണ്ടായിരുന്ന ഒരു ഡോക്ടറും ഈ വിവരങ്ങൾ ശരിവെച്ചിട്ടുണ്ട്.

പൈലറ്റ് പിഴവ് ആരോപിച്ച പ്രാഥമിക റിപ്പോർട്ടിനെതിരെ സുപ്രീം കോടതിയിൽ കേസ്

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന ബോയിങ് 787 ഡ്രീംലൈനർ വിമാനം കൺമുന്നിൽ കത്തിയമർന്ന ദുരന്തത്തിൽ 241 യാത്രക്കാരും 19 നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നിന്നും ഒരൊറ്റ യാത്രികൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടം നടന്ന് തൊട്ടടുത്ത മാസം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ, വിമാനം പറന്നുയർന്ന ഉടൻ തന്നെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം ഓരോ സെക്കൻഡ് ഇടവേളയിൽ വിച്ഛേദിക്കപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നു. കോക്പിറ്റിലെ വോയ്‌സ് റെക്കോർഡർ പരിശോധിച്ചപ്പോൾ ഒരു പൈലറ്റ് "എന്തിനാണ് നീ ഇന്ധനം കട്ട് ചെയ്തത്" എന്ന് ചോദിച്ചപ്പോൾ മറ്റേയാൾ "ഞാൻ ചെയ്തിട്ടില്ല" എന്ന് മറുപടി പറയുന്ന ശബ്ദരേഖകൾ ലഭിച്ചിരുന്നു. ഇത് പൈലറ്റുമാരുടെ പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന വലിയ രീതിയിലുള്ള മാധ്യമ പ്രചാരണങ്ങൾക്ക് വഴിതുറന്നു.

എന്നാൽ ഈ പ്രാഥമിക കണ്ടെത്തലുകളെ പൂർണ്ണമായി തള്ളിക്കൊണ്ട് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ 88 വയസ്സുകാരനായ പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് അസോസിയേഷനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജീവിച്ചിരിപ്പില്ലാത്ത പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തി വലിയ വിമാന നിർമ്മാണ കമ്പനികളെ രക്ഷിക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും ഈ റിപ്പോർട്ട് അപാകതകൾ നിറഞ്ഞതാണെന്നും അവർ കോടതിയിൽ ബോധിപ്പിച്ചു. പൈലറ്റുമാരെ മാത്രം പ്രതിക്കൂട്ടിലാക്കുന്ന ഇത്തരം കടുത്ത നിലപാടുകൾ കടുത്ത ദൗർഭാഗ്യകരമാണെന്ന് സുപ്രീം കോടതിയും മുൻപ് നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ദൃക്‌സാക്ഷി വിവരങ്ങൾ പുറത്തുവന്നത് പൈലറ്റിന്റെ കുടുംബത്തിന് നിയമപരമായ വലിയആശ്വാസമാണ് നൽകുന്നത്. ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയ ഈ വിമാനാപകടത്തിന്റെ അന്തിമ പൂർണ്ണമായ അന്വേഷണ റിപ്പോർട്ട് അടുത്ത മാസം പുറത്തുവരുമെന്നും യാതൊരുവിധ അട്ടിമറികളും അന്വേഷണത്തിൽ നടന്നിട്ടില്ലെന്നും വ്യോമയാന മന്ത്രി രാംമോഹൻ നായിഡു വ്യക്തമാക്കി.

In a poignant development connected to the tragic Air India flight AI-171 crash that killed 260 people in Ahmedabad, a relative of the victims has claimed he witnessed the body of pilot-in-command Captain Sumeet Sabharwal still clutching the aircraft's steering yoke inside the mortuary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

സര്‍ക്കാര്‍ ജോലി, നഷ്ടപരിഹാരം; ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഹര്‍ഷിന

ടി20 ലോകകപ്പ് അവസാന ഐസിസി ഇവന്റ്? വിരമിക്കല്‍ സൂചന നല്‍കി ഓസീസ് വനിതാ പേസ് ഇതിഹാസം

കോക്രോച്ചുകള്‍ക്കൊപ്പം; പിന്തുണയുമായി മമതാ ബാനര്‍ജി

'അത്ര വികാരാധീനമായി എടുക്കേണ്ടതില്ല'; കോക്രോച്ച് പാര്‍ട്ടി വിവാദം സുപ്രീംകോടതിയില്‍, അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്

SCROLL FOR NEXT