മുംബൈ: ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോയ എഐ 2744 നമ്പര്‍ വിമാനമാണ് ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം വിശദമായ പരിശോധന വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വിമാനം ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ തൊട്ടതിന് പിന്നാലെ തെന്നിനീങ്ങുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് വിമാനത്തിന്റെ മൂന്ന് ടയറുകള്‍ പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അടിയന്തര സാഹചര്യം മൂലം വിമാനത്തിന്റെ എഞ്ചിന് തകരാര്‍ സംഭവിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. വിമാനത്തിന്റെ എഞ്ചിന്‍ ഭാഗത്തുള്‍പ്പെടെ ഉണ്ടായ കേടുപാടുകളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
റണ്‍വെയില്‍ അസാധാരണ സാഹചര്യം നേരിട്ടെങ്കിലും വിമാനത്തിന് സുരക്ഷിതമായി ടെര്‍മിനല്‍ ഗേറ്റിലേക്ക് എത്താന്‍ കഴിഞ്ഞു, അവിടെ എല്ലാ യാത്രക്കാരും ജീവനക്കാരും അപകടമില്ലാതെ ഇറങ്ങിയെന്നും കമ്പനി അറിയിച്ചു. കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്നും സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന റണ്‍വേയ്ക്കും കേടുപാടുകള്‍ സംഭവിച്ചതായി വിമാനത്താവള അതോറിറ്റി അറിയിച്ചു. എന്നാല്‍ റണ്‍വെയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആണെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസമായി മഴ തുടരുന്ന മുംബൈയില്‍ ഞായറാഴ്ച രാത്രി മഴ ശക്തമായിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates