ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (AI2379) പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ച് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ നിർണ്ണായക വിവരങ്ങളുമായി വിമാന നിർമ്മാതാക്കളായ എയർബസ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് (ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ) പരിശോധിച്ചതിൽ നിന്ന്, അപകടസമയത്ത് തുടർച്ചയായി നാല് സെക്കൻഡ് നേരം വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങളെല്ലാം ഒരേസമയം പൂർണ്ണമായി നിലച്ചിരുന്നതായി കണ്ടെത്തി.
എയർബസ് A320 നിയോ വിമാനത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത വിധം ഒരേസമയം മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളും പ്രവർത്തനരഹിതമായതാണ് ഈ നാല് സെക്കൻഡിൽ വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടമാകാൻ ഇടയാക്കിയത്. വിമാനത്തിന്റെ മൂക്ക് മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്ന എലിവേറ്ററുകളും, വശങ്ങളിലേക്ക് തിരിയാൻ സഹായിക്കുന്ന എയ്‌ലറോണുകളും, വേഗത നിയന്ത്രിക്കുന്ന സ്പോയിലറുകളും പൈലറ്റുമാരുടെ യാതൊരു നിയന്ത്രണവുമില്ലാതെ സ്വയം ചലിക്കുകയായിരുന്നു.
ഹൈഡ്രോളിക് സംവിധാനം തകരാറിലായതോടെ ഓട്ടോ പൈലറ്റ് തനിയെ വിച്ഛേദിക്കപ്പെടുകയും, വിമാനത്തിന്റെ ചിറകുകൾക്ക് ഉയർന്നുനിൽക്കാനുള്ള കാറ്റിന്റെ മർദ്ദം കുറയുന്ന 'സ്റ്റാൾ' അവസ്ഥ മുന്നറിയിപ്പായി കോക്പിറ്റിൽ മുഴങ്ങുകയും ചെയ്തു. തുടർന്ന് നിയന്ത്രണം വീണ്ടെടുക്കാനുള്ള സാധാരണ സുരക്ഷാ ചട്ടങ്ങൾ പാലിച്ച്, വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസർ കൺട്രോൾ സൈഡ്-സ്റ്റിക്ക് മുന്നോട്ട് തള്ളി മൂക്ക് താഴ്ത്താൻ ശ്രമിച്ചു.
എന്നാൽ ഹൈഡ്രോളിക് പ്രഷർ ഇല്ലാതിരുന്നതിനാൽ ഈ സമയം വിമാനം പ്രതികരിച്ചില്ല. ഏതാനും നിമിഷങ്ങൾക്കുള്ളിൽ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും സ്വയം പുനഃസ്ഥാപിക്കപ്പെട്ടതോടെ, മുൻപ് നൽകിയ കമാൻഡ് അനുസരിച്ച് വിമാനം കുത്തനെ അതിശക്തമായി താഴേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ കടുത്ത ആഘാതത്തിലാണ് യാത്രക്കാരും ജീവനക്കാരും വിമാനത്തിന്റെ മുകൾത്തട്ടിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റത്.
ഫ്രാൻസിലെ ടൂളൂസിലുള്ള എയർബസിന്റെ സാങ്കേതിക കേന്ദ്രത്തിലാണ് ബ്ലാക്ക് ബോക്സ് വിവരങ്ങൾ വിശകലനം ചെയ്തത്. പ്രഷർ സെൻസറിലെ തകരാറാണ് അടിയന്തര സാഹചര്യത്തിന് കാരണമായതെന്നാണ് എയർബസിന്റെ പ്രാഥമിക നിഗമനമെങ്കിലും അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എയർബസിലെ വിദഗ്ദ്ധരും ഫ്രഞ്ച് വ്യോമയാന അന്വേഷണ ഏജൻസിയായ ബിഇഎയും ഡൽഹിയിലെത്തി ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുമായി ചേർന്ന് പരിശോധനകൾ ആരംഭിച്ചു.
വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡർ ക്യാപ്റ്റൻ സുദീപ് വസിഷ്ഠിന്റെ രക്തപരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ, പൈലറ്റിന്റെ പെരുമാറ്റത്തിന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിലും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എയർ ഇന്ത്യയിലെ മുഴുവൻ പൈലറ്റുമാർക്കും ലഹരി പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates