ചണ്ഡീഗഡ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ഇന്ത്യ മുന്നണിക്കെതിരെയും വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രധാനമന്ത്രിയാകാനുള്ള തന്റെ രാഷ്ട്രീയ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ രാഹുല്‍ ഗാന്ധി കണ്ടെത്തിയ പുതിയ തന്ത്രമാണ് 'മോക്ക് പാര്‍ലമെന്റ്' എന്ന് പരിഹസിച്ച അമിത് ഷാ, രാഹുല്‍ ഗാന്ധിക്ക് മോക്ക് പാര്‍ലമെന്റില്‍ തുടര്‍ന്നും പ്രധാനമന്ത്രിയായി ഇരിക്കാമെന്ന് തുറന്നടിച്ചു. ചണ്ഡീഗഡില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഡല്‍ഹി രാംലീലാ മൈതാനത്ത് പ്രതിപക്ഷം സംഘടിപ്പിച്ച റാലിയെ മുന്‍നിര്‍ത്തി അമിത് ഷാ വിമർശിച്ചത്.
1984ലെ സിഖ് വിരുദ്ധ കലാപത്തിന് ഇരയായ ആയിരക്കണക്കിന് ആളുകളുടെ ഓര്‍മദിനങ്ങളായ നവംബര്‍ 1, 2, 3 തീയതികളില്‍ റാലി നടത്തരുതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നതായി അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് തയ്യാറായില്ല. വിദേശത്തുനിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് സിഖ് വംശഹത്യയുടെ വാര്‍ഷിക ദിനത്തില്‍ തന്നെ രാഹുല്‍ ഗാന്ധിയും മുന്നണിയും ഈ 'ജല്‍സ' (ഉത്സവം) സംഘടിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഇരകളായ സിഖ് സമൂഹത്തിന്റെ മുറിവില്‍ ഉപ്പുപുരട്ടുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിന്റെ സ്‌നേഹത്തിന്റെ കടയില്‍ ഇപ്പോള്‍ വെറുപ്പ് മാത്രമാണ് കാണാനാകുന്നതെന്നും അമിത് ഷാ പരിഹസിച്ചു.
ദീപാവലി സീസണില്‍ ഡല്‍ഹിയില്‍ 25,000 കോടിയോളം രൂപയുടെ വ്യാപാരം നടക്കാറുണ്ടെന്നും, റാലി കാരണം വലിയ നഷ്ടമുണ്ടാകുമെന്ന വ്യാപാരികളുടെ ആശങ്ക പോലും പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ നിരന്തരം തടസ്സപ്പെടുത്തുകയും തെരുവ് നാടകങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ വിനാശകരമായ രാഷ്ട്രീയം അവരെ കൂടുതല്‍ അപ്രസക്തരാക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോള്‍ ജനവിധിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രീതിയെയും അദ്ദേഹം ചോദ്യം ചെയ്തു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയിലെ ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിനായില്ല. അടുത്ത തവണയും പ്രതിപക്ഷ സീറ്റില്‍ തന്നെ ഇരിക്കാന്‍ മുന്നണി തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ്, ആ സംസ്ഥാനത്തെ പ്രവര്‍ത്തനം ബിജെപി കൂടുതല്‍ ഊര്‍ജിതമാക്കുന്നത്. സംസ്ഥാനത്തെ ലഹരി മുക്തമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 2029 ഡിസംബര്‍ 31ഓടെ ഈ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനായി 40 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക എഎപി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates