മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ ജുഹുവിലുള്ള 'ജല്‍സ' ബംഗ്ലാവിനും മുംബൈ മേയറുടെ ഓഫീസിലും ബോംബാക്രമണം നടത്തുമെന്ന് ഭീഷണി. പഞ്ചാബി ഗായകന്‍ ദില്‍ജിത് ദൊസാഞ്ജിന്റെ സംഗീത പരിപാടിയിലും ബോംബാക്രമണമുണ്ടാകുമെന്ന് ഖലിസ്ഥാന്‍ അനുകൂലികളുടെ പേരില്‍ വന്ന ഇ-മെയിലില്‍ പറയുന്നു. മേയറുടെ ഓഫീസിലേക്ക് വന്ന ഇമെയില്‍ സന്ദേശത്തിലാണ് ഈ ഭീഷണി. നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവെപ്പുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും ബോളിവുഡ് താരത്തിനു നേരെ ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണമാരംഭിച്ചു.
'ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മി' എന്ന സംഘടനയുടെ പേരില്‍ വന്ന ഇമെയില്‍ സന്ദേശമാണ് അധികൃതരുടെ ആശങ്ക വര്‍ധിപ്പിച്ചത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 27 വരെയുള്ള കാലയളവില്‍ അമിതാഭ് ബച്ചന്റെ 'ജല്‍സ' ബംഗ്ലാവും നവംബര്‍ 27ന് മഹാലക്ഷ്മി റേസ്‌കോഴ്‌സില്‍ നടക്കാനിരിക്കുന്ന ദൊസാഞ്ജിന്റെ സംഗീത പരിപാടിയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുമെന്നാണ് ഇമെയിലില്‍ പറയുന്നത്. ഇതിനുപുറമെ, നഗരത്തിലെ ചില സ്‌കൂളുകളെ ലക്ഷ്യമിട്ടുള്ള മുന്നറിയിപ്പുകളും സന്ദേശത്തിലുണ്ടായിരുന്നു.
മേയറുടെ ഓഫിസില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ സംശകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ ഭീഷണിയാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി പ്രമുഖരുടെ വസതികളിലും പ്രധാന പരിസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദൊസാഞ്ജിന്റെ ഡല്‍ഹിയിലെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates