'അവിടെനിന്ന് നിന്ന് ഭൂമിയെ നോക്കി കാണുക എന്നത് അവിശ്വസനീയവും ജീവിതം തന്നെ മാറ്റിമറിച്ചതുമായ ഒരനുഭവമായിരുന്നു'- ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്ന ഇന്ത്യന്‍ വംശജയായ സിരിഷ ബാന്‍ഡ്‌ലയുടെ വാക്കുകളാണിത്. കല്‍പ്പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശം തൊടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാണ് സിരിഷ.
'ഞാനിപ്പോഴും അവിടെത്തന്നെയാണ്. അവിശ്വസനീയം എന്നതിനെക്കാള്‍ മികച്ച മറ്റൊരു വാക്ക് ഞാന്‍ തിരഞ്ഞുനോക്കി. പക്ഷേ, എന്റെ മനസ്സിലേക്ക് ഇപ്പോള്‍ വരുന്ന ഒരേയൊരു വാക്ക് ഇതാണ്. ബഹിരാകാശത്ത് നിന്ന് ഭൂമിയെ കാണുക എന്നത് ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നാണ്'.
'നന്നേചെറുപ്പം മുതല്‍ ബഹിരാകാശത്ത് പോകുന്നതിനെ കുറിച്ച് സ്വപ്‌നം കാണാറുണ്ടായിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്'.
' എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സിരിഷ പറഞ്ഞു.
നാസയില്‍ ബഹിരകാശ യാത്രികയാകാന്‍ ബാന്‍ഡ്ല ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം പൈലറ്റാകാനും ബഹിരാകാശ യാത്രികയാകാനുമുള്ള ആഗ്രഹം നിറവേറ്റാനായില്ല. ഇതിനിടെ പാര്‍ഡ്യൂ സര്‍വകലാശാലയില്‍ ആയിരിക്കുമ്പോഴാണ് ഒരു പ്രൊഫസര്‍ വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് പറയുന്നത്. തുടര്‍ന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണിനൊപ്പം ചേര്‍ന്ന് ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യുഎസിലെ ന്യൂമെക്സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടര്‍ന്ന് നേരത്തേ നിശ്ചയിച്ചതില്‍നിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര. 8.55-ന് പേടകം വാഹിനിയില്‍നിന്ന് വേര്‍പെട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ മടക്കം. 9.09-ന് തിരിച്ച് ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തില്‍നിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്.
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് 34കാരിയായ സിരിഷ ബാന്‍ഡ്ല ജനിച്ചത്. യുഎസിലെ ഹൂസ്റ്റണിലാണ് വളര്‍ന്നത്. റിസര്‍ച്ച് എക്സ്പീരിയന്‍സ് ആയിട്ടാണ് സിരിഷ ബഹിരാകാശ സംഘത്തിലുണ്ടായിരുന്നത്. നാലാം വയസിലാണ് സിരിഷ യുഎസിലെത്തിയത്. 2011-ല്‍ പാര്‍ഡ്യൂ സര്‍വകലാശാലയിലെ എയ്റോനോട്ടിക് ആന്‍ഡ് ആസ്ട്രോനോട്ടിക്സില്‍ നിന്ന് സയന്‍സ് ബിരുദം നേടി. 2015-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates