പൂനെ: കർഷകരെ പിന്തുണച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ അണ്ണാ ഹസാരെ നടത്താനിരുന്ന നിരാഹാര സമരം റദ്ദാക്കി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് നിരാഹാരത്തിൽ നിന്ന് പിന്മാറുന്നതായി അണ്ണാ ഹസാരെ അറിയിച്ചത്. താങ്ങുവില 50ശതമാനം വർദ്ധിപ്പിക്കാമെന്ന ഉറപ്പുകിട്ടിയെന്ന് അറിയിച്ചാണ് അദ്ദേഹം തീരുമാനത്തിൽ മാറ്റം വരുത്തിയത്.
'സമാധാനമായി പ്രതിഷേധിക്കുന്നത് അപരാധമല്ല. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ട്. പലരും ആത്മഹത്യ ചെയ്യുന്നത് അവരുടെ വിളകൾക്ക് വേണ്ട വില ലഭിക്കാത്തതുകൊണ്ടാണ്. താങ്ങുവിലയിൽ 50ശതമാനം വർദ്ധനവ് കൊണ്ടുവരാമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ കത്ത് എനിക്ക് കിട്ടി', അണ്ണാ ഹസാരെ പറഞ്ഞു.
തന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനാൽ നാളെ മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല നിരാഹാര സമരം മാറ്റാൻ തീരുമാനിച്ചെന്ന് അദ്ദേഹം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates