ഉത്തരകാശി: മിന്നൽ പ്രളയത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമവാസികള്‍ പ്രതിഷേധത്തില്‍. അടിയന്തര ധനസഹായമായി സര്‍ക്കാര്‍ നല്‍കിയ 5000 രൂപയുടെ ചെക്കുകള്‍ നിരസിച്ചുകൊണ്ടാണ് പ്രതിഷേധം. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളുടെ നഷ്ടത്തിന്റെ വ്യാപ്തി കുറച്ചു കാണുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
എന്നാല്‍ 5000 രൂപ ഇടക്കാല നടപടി മാത്രമാണെന്നായിരുന്നു ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യ പ്രതിഷേധക്കാരോട് പറഞ്ഞത്. മുഴുവന്‍ നഷ്ടവും വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം ശരിയായ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും അതേ തുകയാണ് പ്രഖ്യാപിച്ചത്. പുനരധിവാസ, ഉപജീവന പുനരുജ്ജീവന പദ്ധതി തയ്യാറാക്കാന്‍ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയിലെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒറ്റപ്പെട്ടു പോയ താമസക്കാരെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് ഒഴിപ്പിക്കുകയും ഭക്ഷണ പായ്ക്കറ്റുകള്‍ എത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഹോട്ടലുകളും ഹോംസ്‌റ്റേകളും കടകളും തകര്‍ന്ന ധരാലി ബസാറിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സംസ്ഥാന ദുരന്ത നിവാരണ സേന ഒരു ഡോഗ് സ്‌ക്വാഡിന്റേയും മറ്റ് ഉപകരങ്ങളുടേയും സഹായത്തോടെ പരിശോധിച്ചു.
ദുരന്തത്തില്‍ 5 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 49 പേരെ കാണാതായതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദുരന്തബാധിതമായ ധരാലി പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ഇതുവരെ 1000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ഭരണകൂടം വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും മറ്റ് സ്വത്തുക്കള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ.
കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും ഒഴിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണന, അതേതാണ്ട് പൂര്‍ത്തിയായി. വൈദ്യുതി, മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍, റോഡ് സൗകര്യം എന്നിവ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്യൂണിറ്റി അടുക്കളകള്‍ വഴി അതിജീവിച്ചവര്‍ക്ക് ഭക്ഷണം, വസ്ത്രം, അവശ്യവസ്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates