ഫ്ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ( Axiom Mission 4) ബഹിരാകാശ ദൗത്യം ഇന്ന്. സാങ്കേതിക കാരണങ്ങളാല്‍ ആറു തവണ നീട്ടിയ ദൗത്യം ഇന്നത്തേയ്ക്ക് നിശ്ചയിക്കുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നാണ് ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേയ്ക്ക് പുറപ്പെടുക. നാളെ വൈകീട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന സംഘം 14 ദിവസം അവിടെ തുടരും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്സിയം-4. നാസ, ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ആക്സിയം മിഷന്‍ 4 ഒരുക്കിയിരിക്കുന്നത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ ദൗത്യത്തിനായി കുതിക്കുക.
നാസയിലെ മുന്‍ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഐഎസ്ആര്‍ഒ പ്രതിനിധിയായി ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല, പോളണ്ടിലെ ഇഎസ്എ (യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി) പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവ്‌സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റ് രണ്ട് പേര്‍.
അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകുക. വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ് മുപ്പത്തിയൊമ്പതുകാരനായ ശുഭാംശു. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയാണ്. 2019ല്‍ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മോനോട്ട് പരിശീലനകേന്ദ്രത്തില്‍ പരിശീലനവും നേടി. എഎക്സ്4 ദൗത്യത്തിലെ അനുഭവസമ്പത്ത് ഗഗന്‍യാന് പ്രയോജനം ചെയ്യുമെന്ന് ശുക്ല പറഞ്ഞു. അമേരിക്കന്‍ സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. ഈ കമ്പനിയുമായി സഹകരിച്ചാണ് ശുഭാംശുവിന്റെ യാത്ര.
Axiom space mission launch today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates