Siddhartha Shankar Ray, Jyoti Basu and Mamata 
India

അധികാരത്തിന്റെ ചതുരംഗക്കളം; പ്രത്യയശാസ്ത്രങ്ങൾ പോരാടിയ ബംഗാളിന്റെ ചോരമണക്കുന്ന രാഷ്ട്രീയ ചരിത്രം

സിദ്ധാർത്ഥ് ശങ്കർ റേയുടെ ഉരുക്കുമുഷ്ടി മുതൽ മമതയുടെ ഉദയവും ബി.ജെ.പിയുടെ കടന്നുവരവും വരെ; മാറ്റമില്ലാതെ തുടരുന്ന ബംഗാളിലെ രാഷ്ട്രീയ അരാജകത്വത്തിന്റെ ഒരു ചരിത്ര അവലോകനം.

Author : സമകാലിക മലയാളം ഡെസ്ക്

ഗംഗാതടത്തിലെ വളക്കൂറുള്ള മണ്ണിലല്ല, മറിച്ച് പ്രത്യയശാസ്ത്രങ്ങളുടെ തീപ്പൊരി ചിതറുന്ന തെരുവുകളിലാണ് ബംഗാളിന്റെ രാഷ്ട്രീയ ഭാഗധേയം എന്നും നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. ബംഗാൾ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കും എന്ന ഗോഖലെയുടെ പ്രശസ്തമായ വചനം, ഇന്ന് പലപ്പോഴും അശാന്തിയുടെയും രാഷ്ട്രീയ പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിൽ പുനർവായിക്കപ്പെടുകയാണ്. കേവലം ബാലറ്റ് പെട്ടികളിലൂടെയുള്ള അധികാര കൈമാറ്റമല്ല, മറിച്ച് ചോരയും കണ്ണീരും വിപ്ലവവീര്യവും ഇഴചേർന്ന ഒരു ദീർഘകാവ്യമാണ് കിഴക്കൻ ഇന്ത്യയുടെ ഈ ഹൃദയഭൂമിക്ക് പറയാനുള്ളത്.

സിദ്ധാർത്ഥ് ശങ്കർ റേയുടെ ഉരുക്കുമുഷ്ടി മുതൽ ജ്യോതി ബസുവിന്റെ ചുവപ്പൻ കോട്ടകൾ വരെയും, മാറ്റത്തിന്റെ കാറ്റായി വന്ന മമത ബാനർജി മുതൽ ഇന്ന് കാവിപ്പട തീർക്കുന്ന വെല്ലുവിളികൾ വരെയും നീളുന്ന ഈ ചരിത്രം, സമാനതകളില്ലാത്ത രാഷ്ട്രീയ പരിണാമങ്ങളുടെ ഒരു നേർച്ചിത്രമാണ്. അധികാരത്തിന്റെ ചതുരംഗക്കളത്തിൽ ഓരോ കരുനീക്കവും മനുഷ്യജീവന്റെ വിലയുള്ള പോരാട്ടങ്ങളായി മാറിയ ബംഗാളിന്റെ രാഷ്ട്രീയ വഴിത്താരകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

Siddhartha Shankar Ray

സിദ്ധാർത്ഥ് ശങ്കർ റേയും നരനായാട്ടിന്റെ കാലവും

1972-ൽ സിദ്ധാർത്ഥ് ശങ്കർ റേ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ ബംഗാൾ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ കടുത്ത ഭീഷണിയിലായിരുന്നു. വിപ്ലവത്തിന്റെ പേരിൽ തെരുവുകൾ കത്തുമ്പോൾ, അതിനെ അടിച്ചമർത്താൻ ഭരണകൂടം തിരഞ്ഞെടുത്തത് അതിക്രൂരമായ മാർഗ്ഗങ്ങളായിരുന്നു. ഈ കാലഘട്ടം ബംഗാൾ രാഷ്ട്രീയത്തിലെ 'കറുത്ത അധ്യായം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പോലീസിനെ ഉപയോഗിച്ച് ഇടതുപക്ഷ പ്രവർത്തകരെയും നക്സലുകളെയും തിരഞ്ഞുപിടിച്ച് വേട്ടയാടി.

'ബാരാനഗർ കൂട്ടക്കൊല' പോലുള്ള സംഭവങ്ങൾ ഈ കാലഘട്ടത്തിന്റെ ചോര പുരണ്ട അടയാളങ്ങളാണ്. അസിം മുഖോപാധ്യായയുടെ 'ഹാഫ് മാൻ' എന്ന നോലൽ ബാരാനഗറിനെ പറിച്ചു നട്ടതാണ്. ഭരണകൂട ഭീകരതയും ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടവും സാധാരണക്കാരെ കോൺഗ്രസിൽ നിന്ന് അകറ്റി. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിന്റെ പ്രധാന ഉപദേശകരിലൊരാളായി റേ മാറിയത് ബംഗാളിലെ ജനങ്ങളിൽ വലിയ അമർഷമുണ്ടാക്കി. ഈ അടിച്ചമർത്തലുകളിൽ നിന്നാണ് മാറ്റത്തിനായുള്ള അടങ്ങാത്ത ദാഹം ബംഗാളിൽ ഉടലെടുത്തത്.

Jyoti Basu

ജ്യോതി ബസുവിന്റെ ഉദയവും ഇടതുപക്ഷത്തിന്റെ ആധിപത്യവും

1977-ൽ ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിലെത്തിയത് ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു. തുടക്കത്തിൽ 'ഓപ്പറേഷൻ ബർഗ'യിലൂടെ കർഷകർക്ക് കൃഷിഭൂമിയിൽ അവകാശം നൽകിക്കൊണ്ട് ബസു വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ഇത് ഗ്രാമീണ ബംഗാളിനെ ചുവപ്പണിയിച്ചു. എന്നാൽ കാലം കടന്നുപോയപ്പോൾ ഈ അധികാരം മറ്റൊരു തരത്തിലുള്ള അടിച്ചമർത്തലായി പരിണമിച്ചു. പാർട്ടിയും ഭരണകൂടവും ഒന്നായി മാറി. ഗ്രാമങ്ങളിൽ 'ലോക്കൽ കമ്മിറ്റി'കൾ തീരുമാനിക്കുന്നതായിരുന്നു നിയമം. പോലീസ് സ്റ്റേഷനുകളിൽ പോലും പാർട്ടി കേഡർമാരുടെ ഇടപെടൽ ശക്തമായി.

വ്യവസായ മേഖലയിൽ ട്രേഡ് യൂണിയനുകൾ പിടിമുറുക്കിയതോടെ പുതിയ നിക്ഷേപങ്ങൾ വരാതായി. ജ്യോതി ബസുവിന് ശേഷം ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായപ്പോൾ ബംഗാളിനെ വ്യവസായവൽക്കരിക്കാൻ അദ്ദേഹം ശ്രമിച്ചു. ടാറ്റയുടെ നാനോ ഫാക്ടറിക്കായി സിംഗൂരിലും വ്യവസായ മേഖലയ്ക്കായി നന്ദിഗ്രാമിലും ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിതെളിച്ചു. പോലീസും പാർട്ടി ഗുണ്ടകളും ചേർന്ന് നന്ദിഗ്രാമിൽ നടത്തിയ വെടിവെപ്പ് ഇടതുപക്ഷത്തിന്റെ പതനത്തിന് ആക്കം കൂട്ടി. മുപ്പത്തിനാല് വർഷത്തെ ഭരണത്തിനൊടുവിൽ ഇടതുപക്ഷം അരാജകത്വത്തിന്റെ ചതുപ്പിൽ വീണു.

Mamata Banerjee

മമതയുടെ ഉദയവും തനിയാവർത്തനവും

ഇടതുപക്ഷത്തിന്റെ അതേ സമരവീര്യവും ആക്രമണോത്സുകതയും ആയുധമാക്കിയാണ് മമത ബാനർജി ബംഗാൾ രാഷ്ട്രീയത്തിന്റെ ഉച്ചിയിലെത്തിയത്. 'മാ മാതി മാനുഷ്' (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യം ജനഹൃദയങ്ങളെ സ്പർശിച്ചു. 2011-ൽ ഇടതുഭരണം അവസാനിപ്പിച്ച് മമത അധികാരത്തിലേറിയപ്പോൾ ബംഗാൾ വലിയൊരു മാറ്റം പ്രതീക്ഷിച്ചു. എന്നാൽ അധികം വൈകാതെ തന്നെ തൃണമൂൽ കോൺഗ്രസ് പഴയ സിപിഎം ശൈലി തന്നെ സ്വീകരിക്കുന്നതാണ് കണ്ടത്.

രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുക എന്ന ബംഗാൾ ശൈലി മമതയുടെ കീഴിലും തുടർന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ അക്രമങ്ങളും എതിരില്ലാത്ത ജയങ്ങളും ടി.എം.സി ഉറപ്പാക്കി. സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ടി.എം.സി കേഡർമാർക്ക് കോഴ പണം നൽകേണ്ടി വരുന്ന സാഹചര്യം സിൻഡിക്കേറ്റ് രാജ് എന്നറിയപ്പെടാൻ തുടങ്ങി. ഇത് താഴേത്തട്ടിലുള്ള ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

മനു ദാ കണ്ടെത്തിയ മമത: ഭൂതകാലവും വർത്തമാനവും സന്ധിക്കുമ്പോൾ

സിദ്ധാർത്ഥ് ശങ്കർ റേയും മമത ബാനർജിയും തമ്മിലുള്ള അപൂർവ്വ ബന്ധം ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ ഒരു ഏടാണ്. പിൽക്കാലത്ത് താൻ വേട്ടയാടിയ അതേ രാഷ്ട്രീയ വ്യവസ്ഥിതിയുടെ തലപ്പത്തുള്ള ഒരാൾ തന്നെ മമതയിലെ പോരാളിയെ തിരിച്ചറിഞ്ഞു എന്നത് ചരിത്രത്തിന്റെ കാവ്യനീതിയാകാം.

ഭവാനിപ്പൂരിലെ പ്രശസ്തമായ 'ജാദു ബാബു ബസാർ' പരിസരത്ത് നടന്ന ഒരു യൂത്ത് കോൺഗ്രസ് റാലിയിലാണ് അന്നത്തെ ബംഗാൾ കോൺഗ്രസ് അധ്യക്ഷനായിരുന്ന സിദ്ധാർത്ഥ് ശങ്കർ റേ ആ കൗമാരക്കാരിയെ ആദ്യമായി ശ്രദ്ധിക്കുന്നത്. ആവേശത്തോടെ പ്രസംഗിക്കുന്ന മമതയെ കണ്ട റേ, തന്റെ കാർ നിർത്തി പുറത്തിറങ്ങി ആ വാക്കുകൾ ശ്രദ്ധിച്ചു നിന്നു. മടക്കയാത്രയിൽ തന്റെ സഹപ്രവർത്തകരോട് അദ്ദേഹം സ്വകാര്യമായി പറഞ്ഞു: "ഈ മേയേ ടാ ഒനേക് ദൂർ ജാബേ" (ഈ പെൺകുട്ടി ഒരുപാട് ദൂരം പോകും). റേയുടെ ആ വാക്കുകൾ പിൽക്കാലത്ത് അക്ഷരംപ്രതി ശരിയായി.

സിദ്ധാർത്ഥ് ശങ്കർ റേയുടെ ഭരണകാലം കടുത്ത അടിച്ചമർത്തലുകളുടെയും രാഷ്ട്രീയ വേട്ടയാടലുകളുടെയും കാലമായി അടയാളപ്പെടുത്തപ്പെടുമ്പോഴും, അദ്ദേഹം പകർന്നുനൽകിയ ആ രാഷ്ട്രീയ വീര്യമാണ് പിൽക്കാലത്ത് ബംഗാളിലെ അജയ്യമായ ചുവപ്പുകോട്ടകളെ തകർത്തെറിയാൻ മമതയ്ക്ക് കരുത്തായത്. റേയുടെ അതേ രാഷ്ട്രീയ പാഠശാലയിൽ നിന്നാണ് തെരുവിലെ പോരാട്ടവീര്യം മമതയും ആവാഹിച്ചത്. എന്നാൽ, വിരോധാഭാസമെന്നു പറയട്ടെ, ആരെയാണോ റേ തന്റെ പിൻഗാമിയായി കണ്ടത്, അവർ അധികാരത്തിലെത്തിയപ്പോൾ തന്റെ രാഷ്ട്രീയ ഗുരുവിന്റെ കാലത്തെ അതേ അടിച്ചമർത്തൽ ശൈലികൾ തന്നെയാണ് ഭരണത്തിനായി പുറത്തെടുത്തത്.

ചരിത്രം മറ്റൊരു വട്ടം കൂടി പൂർത്തിയാകുന്നത് ഭവാനിപ്പൂരിലെ ഇതേ തെരുവുകളിലാണ്. അന്ന് കോൺഗ്രസിന്റെ കരുത്തനായിരുന്ന ശിശിർ അധികാരിയുടെ കൈപിടിച്ച് റേയുടെ 'ബെൽത്താല'യിലെ വസതിയിൽ നിത്യസന്ദർശകനായിരുന്ന ബാലൻ സുവേന്ദു അധികാരി, ഇന്ന് ബി.ജെ.പിയുടെ പടത്തലവനായി മമതയുടെ കോട്ടയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 'മനു ദാ'യും ബെൽത്താലയും പ്രതിനിധീകരിച്ചിരുന്ന ആ പഴയ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങൾ കണ്ടുവളർന്ന സുവേന്ദുവിനെ തന്നെ അമിത് ഷാ മമതയ്ക്കെതിരെ നിയോഗിച്ചിരിക്കുന്നു എന്നത് കാലത്തിന്റെ മറ്റൊരു നിയോഗമായി വേണം കാണാൻ.

ബി.ജെ.പിയുടെ ഉദയവും തൃണമൂലിന്റെ ആഭ്യന്തര പ്രതിസന്ധികളും

ബംഗാളിലെ പരമ്പരാഗത രാഷ്ട്രീയ ശക്തികളായ ഇടതുപക്ഷവും കോൺഗ്രസും അപ്രസക്തമായതോടെ രൂപപ്പെട്ട വലിയൊരു രാഷ്ട്രീയ ശൂന്യതയിലേക്കാണ് ഭാരതീയ ജനതാ പാർട്ടി തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ചത്. കേവലം ഒരു പ്രതിപക്ഷ പാർട്ടി എന്നതിലുപരി, കൃത്യമായ 'ഹിന്ദുത്വ' രാഷ്ട്രീയവും 'വികസനം' എന്ന വാഗ്ദാനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ തന്ത്രം ബംഗാളിലെ വോട്ട് ബാങ്കുകളിൽ വലിയ ചലനമുണ്ടാക്കി. കേന്ദ്ര ഏജൻസികളായ സി.ബി.ഐ., ഇ.ഡി. എന്നിവയുടെ നിരന്തരമായ ഇടപെടലുകൾ മമത സർക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചു. മന്ത്രിസഭയിലെ പ്രമുഖർ അഴിമതിക്കേസുകളിൽ അകപ്പെട്ടത് തൃണമൂൽ കോൺഗ്രസിന്റെ ധാർമ്മിക അടിത്തറയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചു. കേന്ദ്രാധികാരത്തിന്റെ പിന്തുണയും സുശക്തമായ സാമ്പത്തിക സ്രോതസ്സും താഴെത്തട്ടിലുള്ള സംഘടനാ ശേഷിയും ബിജെപിയെ ബംഗാളിൽ അതിവേഗം ഒരു ബദൽ ശക്തിയായി വളരാൻ സഹായിച്ചു.

Suvendhu Adhikari Amit Shah

എന്നാൽ, മമത ബാനർജി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം പാർട്ടിക്കുള്ളിലെ അഴിമതിയും 'സിൻഡിക്കേറ്റ് രാജ്' എന്നറിയപ്പെടുന്ന ഗുണ്ടാ രാഷ്ട്രീയവുമാണ്. ഇത് മമത തന്നെ തനിക്ക് ചുറ്റും കുഴിച്ച ഒരു രാഷ്ട്രീയ ഗർത്തമായി വിലയിരുത്തപ്പെടുന്നു. താഴെത്തട്ടിലെ പ്രവർത്തകർ നടത്തുന്ന അധികാര ദുർവിനിയോഗവും, പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളെത്തുടർന്ന് പ്രമുഖ നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറിയതും തൃണമൂലിന്റെ കെട്ടുറപ്പിനെ ബാധിച്ചു. ഭരണാധികാരികളുടെ ധാർഷ്ട്യവും സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങളോടുള്ള അവഗണനയും ജനങ്ങളെ ഭരണകൂടത്തിൽ നിന്ന് അകറ്റുന്ന കാഴ്ചയാണിന്ന്. വിദ്യഭ്യാസ മേഖലയിലെ നിയമന അഴിമതിയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും ബംഗാളിനെ വീണ്ടും ഒരു നിർണ്ണായക രാഷ്ട്രീയ മാറ്റത്തിന്റെ പടിവാതിൽക്കൽ എത്തിച്ചിരിക്കുകയാണ്.

അടിച്ചമർത്തലുകളിൽ നിന്ന് മോചനം തേടി ബംഗാൾ ജനത ഓരോ തവണയും പുതിയ അധികാര രൂപങ്ങളെ തിരഞ്ഞെടുത്തെങ്കിലും, അവർ അറിഞ്ഞോ അറിയാതെയോ പഴയ അരാജകത്വത്തിന്റെ തന്നെ പുതിയ പതിപ്പുകളിലേക്കാണ് ചെന്നുചാടുന്നത് എന്നതാണ് ബംഗാൾ രാഷ്ട്രീയത്തിന്റെ ട്രാജഡി.

English Summary: The article provides a comprehensive historical analysis of West Bengal's volatile political landscape, tracing the transition from Siddhartha Shankar Ray’s era of political suppression to the long-standing dominance of the Left Front. It highlights the dramatic rise of Mamata Banerjee, who was once predicted for greatness by Ray himself, and explores how her administration is now facing its gravest test against a surging BJP. Ultimately, the piece examines the tragic irony of Bengal politics, where successive leaderships often replicate the same patterns of power centralization and systemic unrest they once fought to overthrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഹസ്യ ഫോര്‍മുല നല്‍കി: കെ സുധാകരന്‍

വെയിലത്ത് കയ്യിൽ കരുതാം സ്കാഫ്, വേനൽക്കാലത്ത് മുടിയുടെ സംരക്ഷണം ഇങ്ങനെ

ഗ്യാരണ്ടീഡ് റിട്ടേണ്‍ ആണോ ആഗ്രഹിക്കുന്നത്?; അറിയാം 7.5 ശതമാനത്തിനേക്കാള്‍ മികച്ച വരുമാനം നൽകുന്ന അഞ്ചു സര്‍ക്കാര്‍ സ്‌കീമുകള്‍

'ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും, അർഹനായവനെ അനർഹനാക്കരുത്'; സതീശനെ പിന്തുണച്ച് ഭദ്രൻ

'കരച്ചിലടക്കാനാകുന്നില്ല, ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെയാണ് അവള്‍ കൊല്ലപ്പെട്ടത്'; പൊട്ടിക്കരഞ്ഞ് പാര്‍വതി

SCROLL FOR NEXT