ബംഗളൂരു: ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ തങ്ങിയിരുന്ന കേരള സ്വദേശികളായ രണ്ട് മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കർണ്ണാടക ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇൻസ്‌പെക്ടർക്കെതിരെ അന്വേഷണം. കവർച്ചാ സംഘത്തിന് അകമ്പടിയായി ജീപ്പുമായി ഹോട്ടലിന് മുന്നിലെത്തി ഓപ്പറേഷന് നേതൃത്വം നൽകിയത് ഈ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സിമന്ത് കുമാർ സ്ഥിരീകരിച്ചു. സംഭവത്തക്കുറിച്ച് കൂടുതൽ വിവരം പുറത്തുവന്നതോടെ കവർച്ചാ സംഘത്തിന് വഴിവിട്ട സഹായം നൽകിയെന്ന് ആരോപിക്കപ്പെടുന്ന സിഐഡി ഇൻസ്‌പെക്ടർ ഒളിവിൽ പോയി.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ഓൺലൈൻ പണമിടപാടുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി 20 ലക്ഷം രൂപയുമായി ബംഗളൂരു മടിവാളയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു രണ്ട് മലയാളി യുവാക്കൾ. ഇവർ വലിയ തുകയുമായി ഹോട്ടലിൽ തങ്ങുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് സിഐഡി ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം സ്വകാര്യ ഗുണ്ടാസംഘം ഹോട്ടലിലേക്ക് ഇരച്ചുകയറിയത്.
പൊലീസ് ഐഡി കാണിച്ച് ഭീഷണി; രഹസ്യ വിഡിയോയിൽ കുടുങ്ങി
ഹോട്ടൽ മുറിയിലെത്തിയ ഉപേന്ദ്ര, കുമാർ തുടങ്ങിയ വ്യക്തികളടങ്ങിയ സംഘം മലയാളി യുവാക്കൾക്ക് മുന്നിൽ വ്യാജ പൊലീസ് ഐഡന്റിറ്റി കാർഡുകൾ കാണിക്കുകയായിരുന്നു. യുവാക്കൾ കൈവശം വെച്ചിരുന്ന പണം അനധികൃതമായി ഓൺലൈൻ പണമിടപാടിനായി കൊണ്ടുവന്നതാണെന്ന് ആരോപിച്ച് ഇവരെ മുറിക്കുള്ളിൽ പൂട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് 20 ലക്ഷം രൂപയും തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നു. എന്നാൽ പണം നഷ്ടപ്പെട്ട മലയാളി യുവാക്കൾ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിവെച്ചിരുന്നു.
തങ്ങൾ ക്രൂരമായി പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവാക്കൾ ഉടൻ തന്നെ ഈ മൊബൈൽ ദൃശ്യങ്ങൾ സഹിതം മടിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ചാ സംഘത്തിലെ പ്രധാന പ്രതികളിലൊരാൾ പിടിയിലാകുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കർണ്ണാടക പൊലീസിനെ ആകെ നാണംകെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സിഐഡി ജീപ്പിലിരുന്ന് ഇൻസ്‌പെക്ടറുടെ നിയന്ത്രണം
പ്രതികൾ ഉപയോഗിച്ചത് സിഐഡി ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ഗവൺമെന്റ് വാഹനമായ ജീപ്പ് ആയിരുന്നു. കവർച്ച നടക്കുന്ന സമയം ഇൻസ്‌പെക്ടർ ഈ ജീപ്പിനുള്ളിൽ തന്നെയാണ് ഇരുന്നിരുന്നത്. ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരമാണ് ഗുണ്ടാസംഘം ഹോട്ടൽ മുറിയിലേക്ക് കയറി മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തിയതും പണം കവർന്നതും. മോഷണത്തിന് ശേഷം ഇതേ വാഹനത്തിൽ തന്നെയാണ് സംഘം രക്ഷപ്പെട്ടതെന്നും പ്രതികൾ മൊഴി നൽകി.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ജീപ്പ് പൊലീസ് ഇതിനകം തന്നെ പിടിച്ചെടുത്തിട്ടുണ്ട്. "ഹോട്ടലിൽ റെയ്ഡ് നടത്തിയത് സ്വകാര്യ വ്യക്തികളായിരുന്നു. എന്നാൽ കേസിന്റെ അന്വേഷണ പുരോഗതിയിൽ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ഇതിൽ നേരിട്ട് പങ്കാളിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവിൽ മലയാളി യുവാക്കളിൽ നിന്നും തട്ടിയെടുത്ത 20 ലക്ഷം രൂപയും പൂർണ്ണമായി കണ്ടെടുത്തു കഴിഞ്ഞു. കവർച്ചാ സംഘത്തിലെ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ ഇൻസ്‌പെക്ടറെയും മറ്റ് പ്രതികളെയും കണ്ടെത്താൻ വിവിധയിടങ്ങളിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്," ബംഗളൂരു പൊലീസ് കമ്മീഷണർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates