ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റലിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. കോൺഗ്രസ് എംഎൽഎ ദിനേശ് ജയിൻ ബോസിന് അനുവദിച്ച മുറിയിൽ അപരിചിതരായ ദമ്പതികളെ കണ്ടതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. ഇതേതുടർന്ന് ഹോസ്റ്റലിന്റെ സുരക്ഷാ സംവിധാനങ്ങൾക്കും നടത്തിപ്പിനുമെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്. ജനപ്രതിനിധികൾക്കായി അനുവദിച്ച സർക്കാർ താമസസ്ഥലത്ത് പുറത്തുനിന്നുള്ളവർക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.
നവംബർ 2-നാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് നിയമസഭാ ആവശ്യങ്ങൾക്കായി ഭോപ്പാലിൽ തിരിച്ചെത്തിയ മഹിദ്പൂർ എംഎൽഎയായ ദിനേശ് ജയിൻ ബോസ്, സുരക്ഷാ മേഖലയിലുള്ള എംഎൽഎ റെസ്റ്റ് ഹൗസിലെത്തുകയായിരുന്നു. ബ്ലോക്ക് III-ൽ 14, 15 എന്നീ രണ്ട് മുറികളും 94-ാം നമ്പർ മുറിയുമാണ് അദ്ദേഹത്തിന് അനുവദിച്ചിരുന്നത്. എന്നാൽ റിസപ്ഷനിൽ നിന്ന് അന്വേഷിച്ചപ്പോൾ 14-ാം നമ്പർ മുറിയുടെ താക്കോൽ മാത്രമാണ് ലഭിച്ചത്. 15-ാം നമ്പർ മുറിയുടെ താക്കോൽ കൗണ്ടറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് മുറി തുറക്കാൻ ചെന്നപ്പോഴാണ് 15-ാം നമ്പർ മുറിയിൽ ഒരു യുവാവും യുവതിയും ഇരിക്കുന്നതായി എംഎൽഎ കണ്ടത്.
എംഎൽഎയെ കണ്ടയുടൻ ഇവർ പരിഭ്രാന്തരായി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് റെസ്റ്റ് ഹൗസ് കെയർടേക്കറായ ഗണേഷ് സൂര്യവംശിയോട് വിവരം തിരക്കിയെങ്കിലും, ആർക്കാണ് മുറിയുടെ താക്കോൽ നൽകിയതെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു കെയർടേക്കറുടെ മറുപടി.
സംഭവത്തെത്തുടർന്ന് എംഎൽഎ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. വിഷയം ഗൗരവത്തിലെടുത്ത മധ്യപ്രദേശ് നിയമസഭാ സെക്രട്ടേറിയറ്റ് അന്വേഷണത്തിനായി പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു. റെസ്റ്റ് ഹൗസിന്റെ പരിപാലന ചുമതല വഹിക്കുന്ന പൊതുമരാമത്ത് വകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അനധികൃതമായി മുറി ഉപയോഗിക്കാൻ അനുവാദം നൽകിയ സാഹചര്യങ്ങളും പരിശോധിക്കും. ജനപ്രതിനിധികൾക്കായി ഒരുക്കുന്ന സർക്കാർ അതിഥി മന്ദിരങ്ങളുടെ സുരക്ഷയും നിരീക്ഷണവും സംബന്ധിച്ച് വലിയ ആശങ്കകളാണ് ഈ സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates