ഭോപ്പാല്‍: മധ്യപ്രദേശിലെ ഐഷ്ബാഗിലുള്ള വിവാദമായ 90 ഡിഗ്രി റെയില്‍വേ ഓവര്‍ബ്രിഡ്ജ് പുനര്‍നിര്‍മിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രൂപകല്പനയുടെ പേരില്‍ രാജ്യമെമ്പാടും പരിഹാസമേറ്റുവാങ്ങിയ ഈ പാലത്തിന്റെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പും റെയില്‍വേയും തമ്മിലുണ്ടായിരുന്ന 10 മാസം നീണ്ട തര്‍ക്കത്തിനാണ് ഇതോടെ പരിസമാപ്തിയാകുന്നത്. രണ്ട് ഏജന്‍സികളും നടത്തിയ ഉന്നതതല യോഗത്തിലാണ് 'കോണ്‍ക്രീറ്റിലെ മരണക്കെണി' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പാലം പരിഷ്‌കരിക്കാന്‍ തീരുമാനമായത്.
പാലത്തിലെ അപകടകരമായ 90-ഡിഗ്രി വളവായിരുന്നു പ്രധാന തര്‍ക്കവിഷയം. വാഹനങ്ങള്‍ വളയ്ക്കാന്‍ കഴിയാത്ത രീതിയിലുള്ള രൂപകല്‍പ്പന വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഈ പിഴവ് പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വളവിന്റെ ആരം 2 മീറ്ററില്‍ നിന്നും 2.5 മീറ്ററായി ഉയര്‍ത്തും. കൂടാതെ പാലത്തിന്റെ വീതി 8.5 മീറ്ററില്‍ നിന്നും 10.5-11 മീറ്ററായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതോടെ കാറുകള്‍ക്ക് പുറമെ ഇടത്തരം, ഭാരമേറിയ വാഹനങ്ങള്‍ക്കും സുരക്ഷിതമായി കടന്നുപോകാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റെയില്‍വേയില്‍ നിന്നുള്ള അന്തിമ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാലുടന്‍ അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പാലം നിര്‍മിച്ച അതേ കമ്പനിയെത്തന്നെയാണ് അത് പരിഹരിക്കാനുള്ള ചുമതലയും ഏല്‍പ്പിച്ചിരിക്കുന്നത്.
ഏകദേശം 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ഓവര്‍ബ്രിഡ്ജ് 2025 ജൂണില്‍ പൂര്‍ത്തിയായെങ്കിലും ഒരിക്കല്‍ പോലും ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നില്ല. ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് 90 ഡിഗ്രിയില്‍ നിര്‍മിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതും വലിയ പ്രതിഷേധത്തിന് കാരണമായതും. പിന്നാലെ വിമര്‍ശനങ്ങളുടെയും ട്രോളുകളുടെയും പെരുമഴയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതോടെ, മോശം അടിസ്ഥാന സൗകര്യ ആസൂത്രണത്തിന്റെ ആഗോള ഉദാഹരണമായി ഈ പാലം മാറി.
സംഭവത്തിന് പിന്നാലെ അടിയന്തര നടപടികളുമുണ്ടായി. പൊതുമരാമത്ത് വകുപ്പിലെ ഏഴ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പാലം പരിശോധിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനായി ....ഉള്‍പ്പെടെയുള്ള വിവിധ വിദഗ്ധ ഏജന്‍സികളെ നിയോഗിക്കുകയും ചെയ്തു. മെട്രോ പാതയുടെ സാമീപ്യം കാരണം സ്ഥലപരിമിതി ഉണ്ടായതാണ് വളവ് വീതികൂട്ടി നിര്‍മിക്കാന്‍ തടസ്സമായതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതേച്ചൊല്ലി റെയില്‍വേയും പിഡബ്ല്യുഡിയും തമ്മില്‍ മാസങ്ങളോളം നീണ്ട സാങ്കേതിക തര്‍ക്കങ്ങള്‍ നടന്നത് പരിഹാരം വൈകാന്‍ കാരണമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates